ചെറുതോണി: കൊവിഡിന്റെ രണ്ടാം വരവ് എല്ലാ സംസ്ഥാനങ്ങളെയും പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നതിനാൽ ജി.എസ്.ടി റിട്ടേൺ സമർപ്പണത്തിന് സാവകാശം നൽകണമെന്ന് കേരള ടാക്‌സ്പ്രാക്ടീഷ്‌ണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. മണിരഥനും ജനറൽ സെക്രട്ടറി പി.എസ്‌. ജോസഫും ആവശ്യപ്പെട്ടു. കൊവിഡ്- 19 വ്യാപകമായി വർദ്ധിക്കുന്നതിനാൽ കേരളത്തിലെ മിക്കസ്ഥാപനങ്ങളും അടച്ചിടുകയോ ഭാഗികമായി മാത്രം പ്രവർത്തിക്കുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്. മാർച്ച് മാസത്തിലെ ജി.എസ്.ടി.ആർ 1, ജി.എസ്.ടി.ആർ 3 ബി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടണമെന്നും റിട്ടേണുകൾ വൈകിയതിനുള്ള പിഴ ഒഴിവാക്കണമെന്നും കേരള ടാക്‌സ് പ്രാക്ടീഷ്‌ണേഴ്‌സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ വ്യക്തമാക്കികൊണ്ട് കേന്ദ്ര ധനമന്ത്രിക്കും ജി.എസ്.ടി കൗൺസിലിനും അസോസിയേഷൻ അപേക്ഷകൾ നൽകിയിട്ടുണ്ട്.