aanikuzhikkattil
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ

ചെറുതോണി: ഇടുക്കി രൂപതയുടെ പ്രഥമമെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഒന്നാം ചരമവാർഷികം മേയ് ഒന്നിന് ആചരിക്കും. 15 വർഷക്കാലം സ്തുത്യർഹമായി രൂപതയെ പടുത്തുയർത്തിയ പിതാവ് 2020 മേയ് ഒന്നി നാണ് അന്തരിച്ചത്. പിതാവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് രൂപതയിലെ 13 ഫൊറോനകളിൽ നിന്നുമായി വൈദികരും സമർപ്പിതരും ആത്മീയ പ്രതിനിധികളും 18 മുതൽ കബറിടം സ്ഥിതിചെയ്യുന്ന വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിലെത്തി വിശുദ്ധ കുർബാനയും അനുസ്മരണ പ്രാർത്ഥനയും നടത്തിവരുകയായിരുന്നു. നാളെ രാവിലെ 10.30 ന് ഇടുക്കി രൂപതാധ്യക്ഷൻ മാർജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ കത്തീഡ്രൽദേവാലയത്തിൽ സമൂഹബലി അർപ്പിക്കും. വികാരി ജനറാളാരായ മോൺ. ജോസ്‌‌ പ്ലാ ച്ചിക്കൽ, മോൺ. എബ്രാഹം പുറയാറ്റ്, ചാൻസലർ ഫാ. ജോർജ് തകടിയേൽ എന്നിവർ സഹകാർമ്മികരായിരിക്കും. വിശുദ്ധകുർബാനയെ തുടർന്ന് കബറിടത്തിങ്കൽ അനുസ്മരണാ ശുശ്രൂഷയും അതിനുശേഷം ശ്രാദ്ധത്തിന്റെ കർമ്മങ്ങളുമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്‌ തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾ മാത്രമായിരിക്കും ശുശ്രൂഷകളിൽ സംബന്ധിക്കുന്നത്. പ്രാദേശിക കേബിൾ ശൃംഖലകളിലും ക്രിസ്തുജ്യോതി, ഇടുക്കി രൂപതാ മീഡിയാ കമ്മിഷൻ, ഇടുക്കി രൂപതാ കെ.സി.വൈ.എം യുട്യൂബ് ചാനലുകളിലും ഫേസ് ബുക്കിലും ഈ പരിപാടി തത്സമയം സംപ്രേഷണം ചെയ്യുമെന്ന്‌ മോൺ. ജോസ് പ്ലാച്ചിക്കൽ അറിയിച്ചു.