തൊടുപുഴ: ജില്ലയിൽ എല്ലാ താലൂക്കുകളിലും സ്ഥിരം വാക്‌സിനേഷൻ സെന്ററുകൾ ആരംഭിക്കും. ഓരോ താലൂക്കുകളിലും മൂന്നു സെന്ററുകൾ വീതമാണ് തുടങ്ങുന്നത്. ഇടുക്കി താലൂക്ക് കട്ടപ്പന ടൗൺഹാൾ, വാത്തിക്കുടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, വാഴത്തോപ്പ് പഞ്ചായത്ത് ടൗൺഹാൾ, ദേവികുളം അടിമാലി പഞ്ചായത്ത് ഹാൾ, മൂന്നാർ ജി.എച്ച്.എസ്, മറയൂർ ജി.എച്ച്.എസ്, തൊടുപുഴ മൂലമറ്റം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ , തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാൾ , വണ്ണപ്പുറം ഹിറ പബ്ലിക് സ്‌കൂൾ, പീരുമേട് ഉപ്പുതറ സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാൾ, ഏലപ്പാറ സെന്റ് അൽഫോൺസ ചർച്ച് പാരീഷ് ഹാൾ, വണ്ടിപ്പെരിയാർ പഞ്ചായത്ത് ടൗൺഹാൾ, ഉടുമ്പൻചോല ആരോഗ്യ വകുപ്പ് കെട്ടിടം വണ്ടൻമേട്, നെടുങ്കണ്ടം കല്ലാർ കമ്യൂണിറ്റി ഹാൾ, രാജകുമാരി എന്നിവയാണ് സെന്ററുകൾ. ഇന്നലെ മൂന്നു കേന്ദ്രങ്ങളിൽ മാത്രമാണ് വാക്‌സിനേഷൻ നടന്നത്. ഇന്ന് ജില്ലയിൽ 45 സെന്ററുകളിൽ വാക്‌സിൻ നൽകും. ഇന്നലെ വാക്‌സിനേഷൻ ഉണ്ടായിരുന്ന മരിയാപുരം, അടിമാലി സെന്ററുകളിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടാവില്ല. നിലവിൽ സ്റ്റോക്കുള്ള 10,000 ഡോസ് കോവി ഷീൽഡാണ് ഇന്ന് വിതരണം ചെയ്യുന്നത്. കൂടാതെ 5,000 ഡോസ് കോവാക്‌സിൻ നാളെയും വിവിധ സെന്ററുകൾ വഴി നൽകും. ഇതോടെ ജില്ലയിലെ വാക്‌സിൻ സ്റ്റോക്ക് തീരും. ഒരു സെന്ററിൽ പരമാവധി 200 ഡോസ് വാക്‌സിനാണ് നൽകുന്നത്. മേജർ ആശുപത്രികളിൽ 300 ഡോസും നൽകും.
2,12,370 പേർ വാക്‌സിനെടുത്തു
ജില്ലയിൽ ജനുവരി 16 മുതൽ ഏപ്രിൽ 28 വരെ 2,12,370 പേർ വാക്‌സിനെടുത്തു. 28ന് 573 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ള 96,396 പേരും 4559 പ്രായപരിധിയിൽ ഉള്ള 63,225 പേരും വാക്‌സിനെടുത്തു. ഹെൽത്ത് കെയർ വർക്കർ 19,964 ഉം, ഫ്രന്റ് ലൈൻ വർക്കർ 26554 പേരും വാക്‌സിനെടുത്തു.
നാല് കൊവിഡ് സെന്ററുകൾ
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നാല് എണ്ണമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇവിടെ ആകെയുള്ള 280 ബെഡുകളിൽ 160 എണ്ണത്തിൽ രോഗികൾ ഉണ്ട്. സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ നാല് എണ്ണമാണ് പ്രവർത്തിക്കുന്നത്. ഇവിടെയുള്ള 320 ബെഡുകളിൽ 145 എണ്ണത്തിലും രോഗികളുണ്ട്.