മൂലമറ്റം: മേമുട്ടം - ഉളുപ്പുണി റോഡ് നിർമാണം പുരോഗിമിക്കുന്നതായി റോഡ് വികസന സമിതി അംഗങ്ങൾ പറഞ്ഞു. നിർമ്മാണം പരോഗമിക്കുന്നതിനിടെ ചിലർ ഫോണിലൂടെയും നേരിട്ടും തെറ്റായ വിവരങ്ങൾ കാണിച്ച് വനം വകുപ്പ് ഓഫിസിൽ പരാതി നൽകിയതായി റോഡ് വികസന സമിതി ആരോപിച്ചു. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നിർമ്മാണത്തിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് അത് പരിഹരിച്ചു. റോഡ് വികസന സമിതി ചെയർമാൻ എം.ഡി. ദേവദാസ്, കമ്മിറ്റിയംഗം രഞ്ജിത്ത് രാഘവൻ, പഞ്ചായത്തംഗം പി.എ.വേലുക്കുട്ടൻ എന്നിവർ വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയിരുന്നു. വൈദ്യുതി വകുപ്പ് ക്വാർട്ടേഴ്‌സിനു സമീപം മുതൽ പഴയ ടാറിങ് തീരുന്ന സ്ഥലം വരെയുള്ള ഭാഗമാണ് ആദ്യം ടാർ ചെയ്യുക. ഇതോടൊപ്പം മേമുട്ടം വരെ സൈഡ് കെട്ട്, ഓട, കലുങ്ക് എന്നിവയുടെ പണിയും നടത്തും. ടാറിങ്ങിന് ശേഷം ബാക്കി ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് വികസന സമിതിയെ അറിയിച്ചു.