മൂലമറ്റം: പതിറ്റാണ്ടുകളായി ജനം ഉപയോഗിച്ച് വരുന്ന വഴി അടക്കുകയും നടപ്പാലം എടുത്ത് കളഞ്ഞതായും ആക്ഷേപം. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ന്നും പ്രദേശവാസികൾ പറഞ്ഞു. മൂലമറ്റം ലക്ഷം വീട് നിവാസികൾ, വ്യാപാരികൾ, തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി നൂറുകണക്കിനാളുകൾ നാച്ചാറിലും കനാലിലും കുളിക്കാൻ പൊയ്‌ക്കൊണ്ടിരുന്ന നടപ്പുവഴിയാണ് അടച്ചത്. സാമൂഹിക വിരുദ്ധരായ ആളുകൾ ഇവിടെയുണ്ടായിരുന്ന നടപ്പാലവും എടുത്തുകളഞ്ഞു. സമീപത്തെ താമസക്കാരിയാണ് വഴിയടച്ചതെന്ന് ചിലർ ആരോപിക്കുന്നു. പഞ്ചായത്താണ് ഇവിടേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തത്. പഞ്ചായത്തും ഇപ്പോൾ മൗനത്തിലാണ്. പഞ്ചായത്തും റവന്യൂ അധികാരികളും അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.