തൊടുപുഴ : എക്‌സിറ്റ് പോൾ ഫലങ്ങൾ വിശ്വസനീയമല്ലെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എട്ടു സീറ്റെങ്കിലും എൽ.ഡി.എഫിന് ലഭിക്കുമെന്ന് സർവ്വേ പ്രവചിച്ചിരുന്നു. എന്നാൽ റിസൽറ്റ് വന്നപ്പോൾ 19 സീറ്റിൽ യു.ഡി.എഫ് വിജയിച്ച സാഹചര്യമാണ് ഉണ്ടായത്. ഇതു തന്നെ ഇപ്രാവശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും. 120 സീറ്റു വരെ എൽ.ഡി.എഫിന് ലഭിക്കുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോളുകൾ തികച്ചും അവിശ്വസനീയമാണ്. യു.ഡി.എഫ് പ്രവർത്തകരെ ആശയകുഴപ്പത്തിലാക്കാൻ ഇടയാക്കുന്ന എക്‌സിറ്റ് പോളുകളുടെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ യു.ഡി.എഫ്. കൗണ്ടിംഗ് ഏജന്റുമാർ കൂടുതൽ ജാഗ്രതയോടു കൂടി പ്രവർത്തിക്കണം. യു.ഡി.എഫ്. സർക്കാർ രൂപീകരിക്കാൻ കഴിയുന്ന വിധത്തിൽ വിജയമുണ്ടാകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. മറിച്ചുള്ള എക്‌സിറ്റ് പോളുകൾ തികച്ചും അടിസ്ഥാനമില്ലാത്തതാണ്. യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നതെന്നും അദ്ദേത്തം പ്രസ്ഥാവനയിൽ പറഞ്ഞു.