തൊടുപുഴ: കൊവിഡ് പ്രതിസന്ധിയിലും റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാത്തത് വിതരണത്തിൽ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുക്കുന്നു. താലൂക്കിലെ ഭൂരിഭാഗം റേഷൻ കടകളിലും അരി സ്റ്റോക്കില്ലാത്തതിനാൽ ഉപഭോക്താക്കവക്ക്ആവശ്യമായ റേഷൻ സാധനങ്ങൾ നൽകാൻ കഴിയുന്നില്ല. എഫ് .സി .ഐ ഗോഡൗണുകളിൽ ആവശ്യത്തിന് അരി ഉണ്ടെങ്കിലും അവ റേഷൻ കടകളിൽ എത്തിക്കുന്നതിലുള്ള കാലതാമസമാണ് അരി ക്ഷാമത്തിന് കാരണം. കൊവിഡ് മൂലം പലയിടങ്ങളിലും കണ്ടയെയിൻമെന്റ് സോണായതിനാൽ സ്റ്റോക്കുള്ള റേഷൻ കടകളിൽ നിന്നും അരിവാങ്ങാൻ സാധിക്കുന്നില്ല. എന്നാൽ റേഷൻ കടകളിൽ കൃത്യമായി സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും, ഒരിടത്തും സ്റ്റോക്ക് കുറവില്ല എന്നുമാണ് അധികൃതർ പറയുന്നത്. റേഷൻ കാർഡുടമകൾക്ക് അരി കിട്ടുന്നില്ലായെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. സ്റ്റോക്ക് കുറവുണ്ടെന്ന് അധികൃതരെ അറിയിച്ചാൽ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്നാണ് റേഷൻ കടയുടമകൾ പറയുന്നത്. കൊവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന സാധാരണക്കാർക്ക് റേഷൻ സാധനങ്ങൾ കൃത്യമായി ലഭിക്കാത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പലരും കിലോമീറ്ററോളം നടന്ന് വന്ന് റേഷൻ കടകളിൽ എത്തുമ്പോഴാണ് സാധനങ്ങൾ ഇല്ലെന്ന് അറിയുന്നത്. ആവശ്യമുള്ള സ്റ്റോക്ക് റേഷൻ കടകളിൽ എത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.