കുമളി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരിയാർ ടൈഗർ റിസർവിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഇക്കോ ടൂറിസം പദ്ധതികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി പെരിയാർ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തേക്കടിയിലെ ബോട്ടിങ് അടക്കമുള്ളവ ഇതോടെ നിർത്തി.
മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിലുള്ള എല്ലാ ടൂറിസം പരിപാടികളും നിർത്തി. ട്രക്കിങ്, താമസം, സഫാരി എന്നിവയാണ് നിർത്തിയതായി കാട്ടി വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി ആർ ഉത്തരവിറക്കിയത്. ഇതോടെ ഇരവികുളം ദേശീയോദ്ധ്യാനം അടച്ചു. മാട്ടുപെട്ടി, കുണ്ടള തുടങ്ങിയ ഡാമുകളിലെ ബോട്ടിങ് അടക്കം എല്ലാ പരിപാടികളും നിർത്തി. കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി ഇരവികുളത്തെ പാർക്കിൽ സഞ്ചാരികൾ എത്താത്തിനാൽ പ്രവേശനം ഉണ്ടായിരുന്നില്ല. തേക്കടി, വാഗമൺ, വട്ടവട, മറയൂർ, കാന്തല്ലൂർ, ഇടുക്കി ഡാം തുടങ്ങിയ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളും കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ആളും ആരവും ഒഴിഞ്ഞ നിലയിലാണ്.