ചെറുതോണി: 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് പുതുതായി വരുന്ന സർക്കാർ ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച ഭൂമിയിൽ വീട് വയ്ക്കുന്നതിനും കൃഷിക്കും മാത്രമാണ് അനുമതി.കോടതി വ്യവഹാരങ്ങൾ നടക്കുന്നതിനാൽ നിയമ ഭേദഗതി മാത്രമാണ് പോംവഴി. സർക്കാർ അതിന് തയ്യാറാകുന്നില്ലെങ്കിൽ കക്ഷി രാഷ്ട്രീയ, സാമുദായിക വ്യത്യാസങ്ങൾക്കതീതമായി ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കാൻ നിർബന്ധിതരാകുമെന്നും ഇനിയും പട്ടയം ലഭിക്കുവാനുള്ള കുടുംബങ്ങൾക്ക് വേഗത്തിൽ അത് ലഭിക്കുവാൻ നടപടികൾ ത്വരിതപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലയെ സംബന്ധിച്ച് ഈ വിഷയങ്ങൾക്ക് പുതിയ സർക്കാർ മുന്തിയ പരിഗണന നൽകണമെന്നും, ഇവ നേടിയെടുക്കുവാൻ ജാതി മത സാമുദായിക വ്യത്യാസമില്ലാതെ ഇടുക്കിയിലെ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ മണിക്കുട്ടൻ, സികെമോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവരാവശ്യപ്പെട്ടു.