ചെറുതോണി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിലവിൽ ജില്ലയിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കെജിഎംഒ ഭാരവാഹികൾ പറഞ്ഞു. കാറ്റഗറി സി രോഗികളെ ചികിൽസിക്കുന്ന ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഐ.സി.യു ബെഡ്ഡുകളിൽ ഇനി രോഗികളെ അഡ്മിറ്റ് ചെയ്യാൻ സൗകര്യമില്ല. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി ഇത്തവണ രോഗികളുടെ എണ്ണം കൂടുതലാണ്. ആനുപാതികമായി കാറ്റഗറി ബി, സി രോഗികളും കൂടുതലാണ്. ഇവർക്ക് ഓക്‌സിജൻ അനിവാര്യമാണ്, ചിലരെ ഐ.സി.യുവിൽ തന്നെ ചികിൽസിക്കേണ്ടിയും വരുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.സാം വി ജോണും, സെക്രട്ടറി ഡോ.അജു ജോസും ആവശ്യപ്പെട്ടു.. വെന്റിലേറ്റർ സൗകര്യങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലും, തൊടുപുഴ താലൂക്ക് ആശുപത്രിയിലും പരിമിതമാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ഗുരുതരാവസ്ഥയിലായ രോഗികളെ ചികിൽസിക്കാൻ സാധിക്കാതെ വരും. എല്ലാ താലൂക്ക് ആശുപതികളിലും പ്രൈവറ്റ് ആശുപത്രികളിലും കൊവിഡ് ഒപിയും നിരീക്ഷണ സംവിധാനങ്ങളും തുടങ്ങണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കാറ്റഗറി ബി, സി രോഗികളെ ചികിൽസിക്കാൻ എല്ലാ താലൂക്ക് ആശുപതികളെയും സജ്ജമാക്കണമെന്നും കെ.ജിഎം.ഒ ആവശ്യപ്പെട്ടു. മേജർ ആശുപത്രികളിൽ നിലവിൽ അഞ്ചു ഫിസിഷ്യൻമാർ മാത്രമാണുള്ളത്. അവർ ഇപ്പോൾ തന്നെ മുഴുവൻ സമയവും കോവിഡ് ചികിത്സയിൽ വ്യാപ്രിതരാണ്. അതിന് പുറമെയാണ് സി എസ് ൽ ടി സി ഡ്യൂട്ടികളും, ഇ-സഞ്ജീവനി ഡ്യൂട്ടികളും ചെയ്യുന്നത്. ജില്ലയിൽ അടിയന്തിരമായി ഒഴിവുള്ള പോസ്റ്റുകളിലേക്കു നിയമനം നടത്തുകയും, കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കുകയും വേണം. നിലവിലെ ഫസ്റ്റ് ലൈൻ സെന്ററുകളിൽ ഡോക്ടർമാരെയും സ്റ്റാഫ് നഴ്‌സുമാരെയും പോസ്റ്റ് ചെയ്ത് ആവശ്യത്തിനു ഉപകരങ്ങളും നൽകി മോണിറ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ ആളുകൾക്ക് കൊവിഡ് ആശുപത്രിയിൽ കിടക്ക ലഭ്യമാവുന്നവരെ ചികിത്സ നൽകാൻ സാധിക്കും. നിലവിൽ രോഗികളുടെ ക്ലിനിക്കൽ സർവിസ് മാനേജ് ചെയ്യാൻ പ്രത്യേക സെൽ രൂപീകരിക്കണമെന്നും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുള്ള ജനറൽ മെഡിസിൻ, ചെസ്റ്റു മെഡിസിൻ കഴിഞ്ഞ ഡോക്ടർമാരെ അടിയന്തരമായി പുനർവിന്യാസിക്കണമെന്നും കെ.ജി.എം.ഒ ആവശ്യപ്പെട്ടു. മോണിറ്ററിംഗ് വേണ്ട രോഗികൾ കൂടിവരുന്ന സ്ഥിതിക്ക് കൂടുതൽ സ്റ്റാഫ് നഴ്‌സുമാരെ പോസ്റ്റ് ചെയ്യണമെന്നും, സ്വകാര്യ ആശുപത്രികളിലെ അമ്പതു ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റിവെക്കണമെന്നും അങ്ങനെയുള്ള ആശുപത്രികളിലെ ബെഡ് ലഭ്യത പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധം സംവിധാനം കൊണ്ടുവരണമെന്നും. മാസ്സ് വാക്‌സിനേഷൻ സെന്ററുകളിൽ ജനത്തിരക്ക് ഉണ്ടാവുന്നത് നിയന്ത്രിക്കാൻ പൊലീസ് സഹായം തേടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.