murder

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കണ്ണൂരിന്റെ രാഷ്ട്രീയ മനസ് വീണ്ടും കലങ്ങി മറിയുകയാണ്. കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര, ജീവന് ജീവൻ എന്നതായിരുന്നു ഒരു കാലത്ത് കണ്ണൂരിന്റെ മുദ്രാവാക്യം. കൊലപാതകവും അക്രമവും ഈ നാടിന് വേണ്ടുവോളം ദുഷ്പേര് ചാർത്തി നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം പാനൂരിൽ ഒരു ചെറുപ്പക്കാരന്റെ ജീവൻകൂടി കൊലപാതക രാഷ്ട്രീയത്തിന്റെ പട്ടികയിലേക്ക് ഇടംപിടിച്ചപ്പോൾ മറക്കാനാഗ്രഹിക്കുന്ന ആ പഴയ കാലത്തേക്ക് കണ്ണൂർ തിരിച്ചു വരികയാണോ എന്നു സംശയിച്ചു പോകും.

കൊലപാതകത്തിനു പിന്നാലെയുണ്ടായ തീവെയ്‌പ്പും അക്രമവും നടുക്കമുണർത്തുന്നതാണ്. സമാധാന ചർച്ചാ കരാറുകളിലെ മഷിയുണങ്ങും മുൻപ് തുടർ കൊലപാതകങ്ങൾ അരങ്ങേറിയ നാടുകൂടിയാണ് കണ്ണൂർ. കണ്ണൂരിൽ കൊണ്ടും കൊടുത്തും കൊല്ലപ്പെട്ടവർ ഇരുന്നൂറോളം വരും. കൊലപാതകത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടന്ന സമാധാനയോഗം ഒരു വിഭാഗം ബഹിഷ്കരിക്കുകയും ചെയ്തു. പൊലീസിന്റെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബഹരിഷ്കരണമെന്നാണ് ആ രാഷ്ട്രീയ പാർട്ടി പറഞ്ഞത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നാലെ വഴിപാടുപോലെ നടക്കുന്ന ജില്ലാതല സർവകക്ഷി സമാധാന ചർച്ചകളിൽ അക്രമത്തിന്റെ ഉത്തരവാദിത്വം ഒരു പാർട്ടിയും ഏറ്റെടുക്കാറില്ല. പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിയുന്നതായിരുന്നു പതിവ്. യോഗത്തിനു ശേഷം അക്രമസ്ഥലം സന്ദർശിക്കുന്ന സർവകക്ഷി സംഘം പറയും. സംഘർഷ പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണ. ഇതോടെ ചടങ്ങ് അവസാനിക്കുകയാണ് പതിവ്.

കൊലപാതകക്കേസുകളിലെ പ്രതികൾക്ക് നിയമസഹായത്തിനായും പ്രതികളുടെ കുടുംബത്തിന്റെ സംരക്ഷണത്തിനായും പാർട്ടികൾ നടത്തുന്ന ശ്രമങ്ങളും നിരവധി. കക്ഷിരാഷ്ട്രീയത്തിന്റെ മറവിൽ കണ്ണൂരിൽ നിരന്തരമായി നടക്കുന്ന നരഹത്യ അവസാനിപ്പിക്കാൻ ചർച്ചയ്ക്കു തയാറെന്ന ആർ.എസ്.എസ്. മേധാവിയുടെ സമീപനത്തോട് ആദ്യം അകലം പാലിച്ചിരുന്നെങ്കിലും സത്‌സംഗ് ഫൗണ്ടേഷൻ അദ്ധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എം മധ്യസ്ഥനായി എത്തിയതോടെ സി.പി.എം നേതൃത്വത്തിൽ നടത്തിയ നീക്കം ഏറെ പ്രശംസനീയമായിരുന്നു. കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിൽ ആദ്യമായാണ് ഒരു വിഭാഗത്തിന്റെ ഭാഗത്തു നിന്ന് നേരിട്ട് സമവായ ചർച്ചയ്ക്ക് സാദ്ധ്യത തുറന്നത് എന്ന പ്രത്യേകത കൂടി ഈ സന്ധി സംഭാഷണത്തിനുണ്ടായിരുന്നു.
കണ്ണൂരിലെ രാഷ്ട്രീയ നേതാക്കൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരുന്നതാണ് അക്രമവും കൊലപാതകവുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടത്. കാട്ടുതീ പടരുന്ന കൊലപാതകങ്ങൾ സ്വിച്ചിട്ടതു പോലെ നിലച്ചതും കണ്ണൂരിന് അറിയാവുന്നതാണ്. ഇതിന്റെ ഭാഗമായി താഴേത്തലം മുതൽ സമാധാന കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ഡിസംബർ മുതൽ മേയ് വരെയാണ് അക്രമ സംഭവങ്ങൾ നടക്കാറുള്ളത്. ഇലക്ട്രിക് പോസ്റ്റിനു പോലും രാഷ്ട്രീയമുള്ള കാലമായിരുന്നു അത്. ഇലക്ട്രിക് പോസ്റ്റുകളിൽ എഴുതുന്ന വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ എഴുത്തുകളെ ചൊല്ലിയുള്ള തർക്കമാണ് പലപ്പോഴും കൊലപാതകങ്ങളിലേക്ക് നയിച്ചിരുന്നത്. കാവുകളിലും ഉത്‌സവ പറമ്പുകളിലുമുള്ള ചെറിയ ചെറിയ വാക്കേറ്റങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് പതിവ്. പിന്നീട് അതൊരിക്കലും ഉണങ്ങാത്ത മുറിവുകളായി മാറും. ചെറിയ ചെറിയ ഉരസലുകൾ തീപ്പൊരിയിലേക്ക് നീങ്ങാതിരിക്കാൻ അവിടെ വച്ച് പരിഹരിക്കാനുതകുന്ന സമാധാന കമ്മിറ്റികൾ ഇതിനു വേണ്ടിയായിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും കൂടാറില്ല. ആരും സമാധാനത്തെക്കുറിച്ച് ചർച്ച ചെയ്യാറുമില്ല കണ്ണൂരിൽ.

നേതാക്കൾ വിചാരിച്ചാൽ നിറുത്താൻ പറ്റുന്ന കൊലപാതകങ്ങളുടെ പേരിലാണ് കണ്ണൂരിൽ നൂറുകണക്കിന് കുടുംബങ്ങൾ അനാഥമായത്. രഹസ്യ ചർച്ചയുടെ വിവരം അണികളുമായി പങ്കുവയ്‌ക്കാതെ തന്നെ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കുറയ്‌ക്കാൻ സാധിച്ചു എന്ന് ആഭ്യന്തര വകുപ്പ് ഔദ്യോഗികമായും സി.പി.എം.- ആർ.എസ്.എസ്. നേതാക്കൾ രാഷ്ട്രീയമായും പ്രഖ്യാപിച്ചു.
കണ്ണൂരിൽ തങ്ങൾ നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് കൊലപാതകങ്ങൾ കുറഞ്ഞതെന്ന് ആർ.എസ്.എസും വാദിച്ചു. അതേസമയം 2015, 2016 നെ അപേക്ഷിച്ച് കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ കുറവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. അണികൾ നേരിട്ടല്ല, ഇറക്കുമതി ചെയ്യുന്ന രാഷ്ട്രീയ ക്വട്ടേഷൻ ഗുണ്ടകളായിരുന്നു കണ്ണൂരിൽ അക്രമം നടത്തിയിരുന്നത് എന്നതിന്റെ സൂചനയാണിത്. കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു സർവകക്ഷി സംഘം കൊലക്കത്തിക്ക് ഇരയായ ഒരാളുടെ വീട് സന്ദർശിച്ച സംഭവവും ഉണ്ടായി.

സമാധാനമാണ് ജില്ലയ്ക്ക് വേണ്ടത്. അതൊരിക്കലും കൊടുങ്കാറ്റിനു മുൻപത്തെ ശാന്തതയാകരുത്. പുതിയ തലമുറ ഇത്തരം അക്രമങ്ങളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും മാറിച്ചിന്തിച്ചു തുടങ്ങിയ കാലം കൂടിയാണിത്. പുതുതലമുറയെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ നമുക്ക് വേണ്ടത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നറുമലരുകളാണ്.