കണ്ണൂർ: ജില്ലയുടെ രാഷ്ട്രീയ ഉഷ്ണമാപിനിയിൽ പൊള്ളുന്ന പോരാട്ടവുമായി അഞ്ച് മണ്ഡലങ്ങൾ. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് മത്സരം. യു.ഡി.എഫ് സ്വാധീന കേന്ദ്രങ്ങളിൽ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എൽ.ഡി. എഫ് പൊരിഞ്ഞ പോരിന് തയ്യാറായെന്ന സൂചനയാണ് ഇവിടുത്തെ പൊതുചിത്രം. എന്നാൽ കണ്ണൂരിലും അഴീക്കോട്ടും കൂത്തുപറമ്പിലും യു.ഡി.എഫ് കൈമെയ് മറന്ന് മത്സരിക്കുകയാണിക്കുറി.
നോട്ടപ്പിശകില്ല
മുൻതിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാണ് ഇക്കുറി കണ്ണൂരിലെ പോരാട്ടം. കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിയും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും. ചെറിയ നോട്ടപ്പിശകിൽ കൈവിട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. 1260 വോട്ടിനായിരുന്നു കടന്നപ്പള്ളി അന്ന് ജയിച്ചത്. ഗ്രൂപ്പ് പോരിൽ കടപുഴകിയ കണ്ണൂർ ലോക്‌സഭാ മണ്ഡലവും കോർപ്പറേഷനും തിരിച്ചുപിടിച്ച തങ്ങൾക്ക് നിയമസഭാമണ്ഡലം ഒരു ഭീഷണിയല്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിലാണ് യു.ഡി.എഫിന്റെ പ്രചാരണം. മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറിയുണ്ടായില്ലെന്നതും യു.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
പേരാവൂരിൽ ഇടതുപ്രതീക്ഷ വാനോളം
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് പേരാവൂർ. 2016 ൽ 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് വിജയിച്ചത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ യു.ഡി.എഫ് ഭൂരിപക്ഷം 23,665 ആയി ഉയർന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്തതിരിച്ചടിയാണ് യു.ഡി.എഫിന് നേരിടേണ്ടി വന്നത്.
എൽ.ഡി.എഫ് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടി. യു.ഡി.എഫ് കുത്തകയാക്കി വച്ച പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു.കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ 6980 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഈ കണക്കുകളിലാണ് എൽ.ഡി.എഫിന്റെ വിജയപ്രതീക്ഷ.
കൂറുമാറുമോ ഇരിക്കൂർ
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ കലാപക്കൊടി ഉയർത്തിയ മണ്ഡലമാണ് ഇരിക്കൂർ. സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുനൽകി നോക്കിനിന്നിരുന്ന സി.പി.എം ഇത്തവണ രണ്ടുംകൽപ്പിച്ച പോരാട്ടത്തിലാണ് ഇവിടെ. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫും കേരള കോൺഗ്രസിലെ സജി കുറ്റ്യാനിമറ്റവും തമ്മിലാണ് മത്സരം. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്ത് ഒപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് -എം നേതാവ് സജി കുറ്റ്യാനിമറ്റം എൽ.ഡി.എഫിനായി രംഗത്തിറങ്ങുമ്പോൾ യു.ഡി.എഫിന് നേരിയ പരിഭ്രമമുണ്ട്. എന്നാലും അതിനെ അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണവർ. യു.ഡി.എഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭയും ഇരിക്കൂർ, ആലക്കോട്, ഏരുവേശ്ശി, ഉളിക്കൽ പഞ്ചായത്തുകളും എൽ.ഡി.എഫ് പഞ്ചായത്തുകളായ ഉദയഗിരി, ചെങ്ങളായി, പയ്യാവൂർ, നടുവിൽ എന്നിവ ഉൾപ്പെട്ടതാണ് ഇരിക്കൂർ മണ്ഡലം. 2016ൽ 9647 വോട്ടിനാണ് കെ.സി. ജോസഫ് സി.പി.ഐയിലെ കെ.ടി. ജോസിനെ തോൽപ്പിച്ചത്.
അഴീക്കോട്ട് അഭിമാനപ്പോര്
അഴീക്കോട്ട് സിറ്റിംഗ് എം.എൽ.എ കെ.എം. ഷാജിയെ യു.ഡി.എഫ് മൂന്നാം അങ്കത്തിനിറക്കുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിനെയാണ് എൽ.ഡി.എഫ് ഇറക്കിയിരിക്കുന്നത്. മുന്നണികളെ മാറിമാറി വരിച്ച ചരിത്രമുള്ള അഴീക്കോട്ട് ഇക്കുറി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കളെല്ലാം ക്യാമ്പ് ചെയ്താണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മണ്ഡലത്തിലെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നം, കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്, അനധികൃത സ്വത്ത് സമ്പാദന ആരോപണം തുടങ്ങിയ ഘടകങ്ങൾ ഇത്തവണ അനുകൂലമാവുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2287 വോട്ടിനാണ് ഷാജി എം.വി. നികേഷ് കുമാറിനെ തോൽപ്പിച്ചത്.
പ്രവചനാതീതം കൂത്തുപറമ്പ്
പഴയ യു.ഡി.എഫ് സ്ഥാനാർത്ഥി ലോക് താന്ത്രിക് ദൾ നേതാവ് കെ.പി. മോഹനനും അന്ന് പ്രചാരണത്തിന് കൂടെനിന്ന പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിൽ പൊടിപാറുന്ന മത്സരമാണ് കൂത്തുപറമ്പിൽ. 2011ൽ മുന്നണിമാറിയ അന്നത്തെ സോഷ്യലിസ്റ്റ് ജനതയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് മന്ത്രിയായിട്ടുണ്ട് കെ.പി.മോഹനൻ. എന്നാൽ 2016-ലെ തിരഞ്ഞെടുപ്പിൽ കെ.കെ.ശൈലജയ്ക്ക് മുന്നിൽ 12,291 വോട്ടിന് തോറ്റു. മോഹനന്റെ ജനതാൾ-യു, എൽ.ജെ.ഡിയായി വീണ്ടും ഇടത്തോട്ടുമാറി മുസ്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയോട് മത്സരിക്കുകയാണ് ഇക്കുറി. വീറുംവാശിയുമുള്ള പോരാട്ടത്തിൽ കൂത്തുപറമ്പ് ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്.