കാസർകോട് :സപ്തഭാഷാസംഗമ ഭൂമിയാണ് കാസർകോട്. മലയാളത്തിന് പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കിണി, ഉറുദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ നാട്ടിൽ ഇത്തവണ ആവേശം ഇരട്ടി. ഇവിടത്തെ രാഷ്ട്രീയത്തിനുമുണ്ട് വിവിധ വർണങ്ങൾ.അഞ്ചു മണ്ഡലങ്ങളാണ് ജില്ലയിൽ. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ. കാസർകോട്ടും മഞ്ചേശ്വരത്തും മുസ്ലിംലീഗും എൻ.ഡി.എയുമാണ് കരുത്തരെങ്കിൽ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും ഇടതു കോട്ടകളാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ പല ചരിത്രങ്ങളും തിരുത്തിക്കുറിക്കുമെന്നും പല കോട്ടകളും തകരുമെന്നുമാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്.
അവകാശവാദങ്ങൾ നിരത്തുമ്പോഴും മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ സാദ്ധ്യതയും ഉദുമയിൽ അടിയൊഴുക്കുണ്ടാകുമോ എന്നുമാണ് ഏവരും ഉറ്റുനോക്കുന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന ജില്ലയാണ് കാസർകോട്.
കഴിഞ്ഞതവണ 89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം സ്വന്തമാക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വീണ്ടും കളത്തിലിറങ്ങിയതോടെ മഞ്ചേശ്വരം ശ്രദ്ധാകേന്ദ്രമായി.എൻ.ഡി.എയെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലം പിടിക്കുകയെന്നത് അഭിമാന പ്രശ്നമാണ്. അതേസമയം പി.ബി.അബ്ദുൽ റസാഖ് എം.എൽ.എയുടെ മരണത്തെത്തുടർന്ന് നടന്ന 2019 ലെ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ച മണ്ഡലം പിടിച്ചെടുക്കാൻ എ.കെ.എം. അഷറഫ് എന്ന യുവ പോരാളിയെയാണ് ലീഗ് ഇറക്കിയത്. ലീഗിന്റെ കുത്തകയായിരുന്ന കാഞ്ഞങ്ങാട് നഗരസഭ ഭരണം പിടിച്ചെടുത്ത വി.വി. രമേശനാണ് ഇടത് പോരാളി.
കടുത്ത മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് ഉദുമ. 2006ൽ മഞ്ചേശ്വരത്ത് അട്ടിമറി ജയം നേടിയ സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ. സി.എച്ച്. കുഞ്ഞമ്പുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ പോരാട്ടം തീപാറുന്നതായി.ബി ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ വേലായുധനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. എന്നാൽ 1987ൽ കെ.പി.കുഞ്ഞിക്കണ്ണൻ ജയിച്ച ശേഷം ഉദുമയിൽനിന്നു കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഒരാളും നിയമസഭയിലെത്തിയിട്ടില്ല. പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് അടക്കം ഉൾക്കൊള്ളുന്നതാണ് മണ്ഡലം.
മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കു നോക്കിയാൽ യു.ഡി.എഫിന്റെ കോട്ടയാണ് കാസർകോട്. അതുകൊണ്ടുതന്നെ കാസർകോട് മൂന്നാം അങ്കത്തിനിറങ്ങുന്ന യു.ഡി.എഫിലെ എൻ.എ. നെല്ലിക്കുന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം ബി.ജെ.പിക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റായ കെ.ശ്രീകാന്താണ് എൻ.ഡി.എ സ്ഥാനാർത്ഥി. എൽ.ഡി.എഫിനു വേണ്ടി ഐ.എൻ.എല്ലിലെ എ.എ.ലത്തീഫാണ് കളത്തിലിറങ്ങുന്നത്.
തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഇളകില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം.സി.പി.എം കോട്ടയായ കാഞ്ഞങ്ങാട് സി.പി.ഐയുടെ മന്ത്രി
ഇ.ചന്ദ്രശേഖരനാണ് മത്സരിക്കുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എക്കു വേണ്ടി ബി.ജെ.പി എം.ബൽരാജിനെയാണ് രംഗത്തിറക്കിയത്.കാസർകോട് ജില്ലയിലെ ഇടതിന്റെ ഉരുക്കുകോട്ടയാണ് തൃക്കരിപ്പൂർ. 1960 ൽ സി.കുഞ്ഞികൃഷ്ണൻ നായർ വിജയിച്ച ശേഷം മറ്റൊരു കോൺഗ്രസ് പ്രതിനിധിയും തൃക്കരിപ്പൂരിൽ നിന്നു നിയമസഭയിൽ എത്തിയിട്ടില്ല. സിറ്റിംഗ് എം.എൽ.എ എം.രാജഗോപാലനെ എൽ.ഡി.എഫ് ഇവിടെ വീണ്ടും മത്സരിപ്പിക്കുന്നു. യു.ഡി.എഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ മണ്ഡലത്തിൽ കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫാണ് സ്ഥാനാർത്ഥി. ബി.ജെ.പിയിലെ ടി.വി.ഷിബിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.