മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവള മണ്ഡലമെന്ന പ്രൗഢിയുള്ള മട്ടന്നൂർ കണ്ണൂർ ജില്ലയിലെ ഇടതുകോട്ടകളിലൊന്നാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മത്സരിക്കുന്ന മണ്ഡലത്തിൽ റിക്കാർഡ് ഭൂരിപക്ഷം നേടാനുള്ള കഠിനശ്രമത്തിലാണ് എൽ.ഡി.എഫ്. എന്നാൽ കാര്യങ്ങൾ അനുകൂലമാണെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എൻ.ഡി.എയും. യു.ഡി.എഫിന് വേണ്ടി ആർ.എസ്.പിയിലെ ഇല്ലിക്കൽ ആഗസ്തിയും എൻ.ഡി.എയ്ക്കു വേണ്ടി ബി.ജെ.പിയിലെ ബിജു ഏളക്കുഴിയുമാണ് ജനവിധി തേടുന്നത്.
എൽ.ഡി.എഫിലെ ഏറ്റവുമധികം ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞതവണ മട്ടന്നൂരിൽ നിന്ന് മന്ത്രി ഇ.പി. ജയരാജൻ ജയിച്ചുകയറിയത്. ഇക്കുറി ഇ.പി. മത്സരരംഗത്ത് നിന്ന് മാറിയതോടെയാണ് കെ.കെ.ശൈലജ മട്ടന്നൂരിലേക്ക് വന്നത്. സ്വന്തം വീടിരിക്കുന്ന മണ്ഡലമാണ് ശൈലജയ്ക്ക് മട്ടന്നൂർ. രണ്ടാംഘട്ട പ്രചാരണവും പൂർത്തിയാക്കി മറ്റു ജില്ലകളിൽ പ്രചാരണത്തിലാണിപ്പോൾ മന്ത്രി. നിപ, കൊവിഡ് പ്രതിരോധത്തിലൂടെ ലോകശ്രദ്ധ കൈവരിച്ച ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനവും എൽ.ഡി.എഫ്. സർക്കാരിന്റെ വികസനനേട്ടങ്ങളുമാണ് ശൈലജ പ്രചാരണ വിഷയമാക്കുന്നത്.
മണ്ഡലം ആർ.എസ്.പിക്ക് വിട്ടുനൽകിയതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. എടയന്നൂരിലെ ഷുഹൈബിന്റെ രക്തസാക്ഷിത്വത്തിന്റെ കൂടി പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചാൽ മികച്ച നേട്ടമുണ്ടാക്കാമെന്ന വിലയിരുത്തലിലായിരുന്നു കോൺഗ്രസ്. എന്നാൽ അസ്വാരസ്യങ്ങളെല്ലാം മാറ്റിവെച്ച് മണ്ഡലത്തിൽ യു.ഡി.എഫ്.പ്രചാരണം സജീവമായിട്ടുണ്ട്. ആർ.എസ്.പി. കേന്ദ്ര കമ്മിറ്റിയംഗമായ ഇല്ലിക്കൽ ആഗസ്തി വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയാണ് വോട്ടുതേടുന്നത്.
ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടർച്ചയായ മൂന്നാം തവണയാണ് മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. 2011ൽ നേടിയ 8707 വോട്ടിൽ നിന്ന് കഴിഞ്ഞ തവണ 18620 ആയി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത്തവണ മികച്ച നേട്ടമുണ്ടാക്കാമെന്നും 25,000ലധികം വോട്ടുകൾ നേടാമെന്നും എൻ.ഡി.എ. കണക്കുകൂട്ടുന്നു.
മട്ടന്നൂർ നഗരസഭയും മണ്ഡലത്തിൽ ഉൾപ്പെടുന്ന എട്ടു പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. 2011ൽ നേടിയതിനെക്കാൾ പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് നേടാൻ 2016ൽ ഇ.പി. ജയരാജന് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എൽ.ഡി.എഫ്. ലീഡ് 7488 ആയി കുറഞ്ഞത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. കിൻഫ്ര പാർക്കും കൺവെൻഷൻ സെന്ററും സ്‌പെഷാലിറ്റി ആശുപത്രിയും ഉൾപ്പടെ മട്ടന്നൂരിൽ തുടക്കം കുറിച്ച വികസന പദ്ധതികൾ വോട്ടാകുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. ക്യാമ്പ്. എന്നാൽ വികസന പദ്ധതികൾ പലതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്നാണ് യു.ഡി.എഫിന്റെ ആക്ഷേപം. മുന്നണി സ്ഥാനാർഥികൾക്കു പുറമേ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി റഫീഖ് കീച്ചേരിയും സ്വതന്ത്ര സ്ഥാനാർഥി എൻ.എ.ആഗസ്തിയും മത്സരരംഗത്തുണ്ട്.
ആകെ വോട്ടർമാർ:189308
സ്ത്രീകൾ- 99,182
പുരുഷന്മാർ-90,126
വോട്ടുനില
തദ്ദേശതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്.-92716, യു.ഡി.എഫ്- 52548, എൻ.ഡി.എ- 15887, ഭൂരിപക്ഷം- 40168
ലോക്‌സഭ -2019: എൽ.ഡി.എഫ്- 74580, യു.ഡി.എഫ്.-67092, എൻ.ഡി.എ.-11612, ഭൂരിപക്ഷം-7488.
നിയമസഭ 2016: എൽ.ഡി.എഫ്.-84030, യു.ഡി.എഫ്.- 40649, എൻ.ഡി.എ 18620, ഭൂരിപക്ഷം- 43381