കാസർകോട്: ചിരിയും ചിന്തയും സദസിലേക്ക് പടരുന്ന മൂർച്ചയുള്ള വാക്കുകൾ. ഇംഗ്ലീഷിനൊപ്പം ഇടയ്ക്കിടെ മലയാളവും നിറയും. തനത് ശൈലിയിൽ ജനഹൃദയങ്ങളെ ആകർഷിച്ച് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ ജില്ലയിലെ പര്യടനം. സ്ത്രീകളും കുട്ടികളുമടങ്ങിയ വൻ ജനാവലിയാണ് എല്ലാ കേന്ദ്രങ്ങളിലും അവരെ എതിരേറ്റത്. ബാന്റ് വാദ്യത്തിന്റെയും പടക്കത്തിന്റെ ശബ്ദഘോഷത്തോടെ അവരെ വരവേറ്റു. നീലേശ്വരം പാലാത്തടത്തായിരുന്നു തുടക്കം. തൃക്കരിപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. രാജഗോപാലന്റെ പര്യടനത്തിന്റെ ഭാഗമായുള്ള കേന്ദ്രത്തിലായിരുന്നു സ്വീകരണമൊരുക്കിയത്. ''എന്റെ അമ്മ മലയാളിയാണ്. പക്ഷെ എനിക്ക് മലയാളം അറിയില്ല'' എന്ന ആമുഖത്തോടെയാണ് തുടക്കം. ഗൗരവമേറിയ വിഷയവും നർമ്മത്തിൽ പൊതിഞ്ഞുള്ള അവതരണം. കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിനെ തുറന്നുകാട്ടിയും കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിന്റെ വികസന മുന്നേറ്റം എടുത്തുപറഞ്ഞമുള്ള പ്രസംഗം. യോഗിയും മോദിയും അമിത്ഷായും ഒക്കെ ഉത്തർപ്രദേശിനെ മാതൃകാ സംസ്ഥാനമാണെന്നാണ് പറയുന്നത്. എന്നാൽ ഉത്തർപ്രദേശുകാരിയായ എനിക്കറിയാം അവിടത്തെ അവസ്ഥ എന്താണെന്ന്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും ഉത്തർപ്രദേശിന്റെ ശോചനീയാവസ്ഥയും അവർ വരച്ചുകാട്ടി. പ്രസംഗത്തിൽ ഇടയ്ക്കിടെ മലയാളവും കടന്നുവരും. പറഞ്ഞ കാര്യങ്ങൾ പരിഭാഷകൻ വിട്ടുപോയാൽ അത് ഓർമപ്പെടുത്തും.''ഉറപ്പാണ് കേരളം, ഉറപ്പാണ് എൽ.ഡി.എഫ് എന്ന മുദ്രാവാക്യം ഉച്ചത്തിൽ ചൊല്ലുകയും അത് സദസിനെ കൊണ്ട് ഏറ്റുചൊല്ലിക്കുകയും ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്.
മാലക്കല്ല്, മടിക്കൈ അമ്പലത്തുകര, കാഞ്ഞിരപ്പൊയിൽ എന്നിവിടങ്ങളിലും സുഭാഷിണി അലിക്ക് സ്വീകരണം ലഭിച്ചു. വൈകിട്ട് കയ്യൂർ രക്തസാക്ഷി ദിനാചരണ പരിപാടിയിലും അവർ പങ്കെടുത്തു. പാലത്തടത്ത് സ്ഥാനാർത്ഥി എം. രാജഗോപാലൻ, എം.വി. ബാലകൃഷ്ണൻ, പി. ബേബി, എം. രാജൻ, എ. അമ്പൂഞ്ഞി, പി. വിജയകുമാർ, പി.പി. മുഹമ്മദ് റാഫി, വൈശാഖ്, ടി.വി. ശാന്ത എന്നിവർ സംസാരിച്ചു. മാലക്കല്ലിൽ എൽ.ഡി.എഫ്. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരൻ, സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, വി.കെ. രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം.വി. കൃഷ്ണൻ, കെ.വി. കൃഷ്ണൻ, എച്ച്. ലക്ഷ്മണഭട്ട്, ടോമി വാഴപ്പള്ളി, കെ.എസ്. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. അമ്പലത്തുകരയിൽ സി.പി.എം കേന്ദ്ര കമ്മറ്റിയംഗം പി. കരുണാകരൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, സി. പ്രഭാകരൻ, കെ.വി. കുമാരൻ, മടത്തിനാട്ട് രാജൻ എന്നിവർ സംസാരിച്ചു.