കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നിൽ തങ്ങളുടെ ആവലാതികൾ നിരത്തുകയാണ് തീരമേഖല. കഴിഞ്ഞ അഞ്ച് വർഷം മത്സ്യബന്ധന മേഖലയ്ക്ക് നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ പല പ്രധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായില്ലെന്നും തീരദേശ ജനത ചൂണ്ടിക്കാട്ടുന്നു. അരിയുൾപ്പെടെയുള്ള ഭക്ഷ്യധാന കിറ്റും പുനർഗേഹം, ലൈഫ് മിഷൻ പദ്ധതികളിലൂടെ സ്വന്തമായി വീടും സർക്കാർ നൽകിയതാണ് കഴിഞ്ഞ വർഷങ്ങളിലെ ആശ്വാസം. എന്നാൽ മണ്ണെണ്ണയുടെ വില ക്രമാതീതമായി വർദ്ധിക്കുമ്പോഴും സബ്സിഡി നിരക്ക് 25 ശതമാനത്തിൽ നിന്നുയർത്താത്തത് മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. അഞ്ച് വർഷം മുൻപ് മണ്ണെണ്ണയ്ക്ക് 48 രൂപ ഉണ്ടായപ്പോഴുള്ള സബ്സിഡിയാണിത്. ഇന്ന് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 90 രൂപയാണ് വില. കഴിഞ്ഞ മൂന്ന് വർഷമായി മത്സ്യ ലഭ്യത വളരെ കുറവാണ്. കടലിൽ പോയി വരാൻ തന്നെ ചെലവുണ്ട്. കൊവിഡ് കാലത്ത് മത്സ്യ തൊഴിലാളികൾക്ക് നൽകിയ 3000 രൂപയും അനുബന്ധ തൊഴിലാളികൾക്ക് 2000 രൂപയും 30 ശതമാനം പേർക്ക് മാത്രമാണ് ലഭിച്ചത്. അനുബന്ധ തൊഴിലാളികൾ മത്സ്യ തൊഴിലാളിയെന്ന പേരിൽ ഫിഷറീസ് മുഖേന നൽകുന്ന വിവിധ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നുണ്ട്. സർക്കാർ ഏർപ്പെടുത്തുന്ന കിറ്റ് കൃത്യമായി എത്താത്ത സാഹചര്യവുമുണ്ട്. വോട്ടഭ്യർത്ഥിച്ച് വരുമ്പോൾ നൽകുന്ന വാഗ്ദാനങ്ങളൊന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിച്ചാൽ നടപ്പിലാക്കുന്നില്ലെന്നും തീരം പരാതിപ്പെടുന്നു.
പ്രഖ്യാപിക്കുന്ന ആനൂകൂല്യങ്ങളെല്ലാം എത്രത്തോളം മത്സ്യ തൊഴിലാളികളിലെത്തുന്നുണ്ടെന്ന് കൂടി പരിശോധിക്കണം. പൊതുവെ മത്സ്യ തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ് മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങൾ. എന്നാൽ സർക്കാർ പ്രഖ്യാപിക്കുന്ന സമാശ്വസ തുക കൃത്യമായെത്തുന്നില്ല. വേനൽ കനക്കുന്നതോടെ മത്സ്യ ലഭ്യതയും നന്നെ കുറയും. ജൂലായ് മാസം മുതലാണ് ചാകര ലഭിക്കുന്നത്. അയില, വെളൂരി മത്സ്യങ്ങളാണ് ഇപ്പോൾ പ്രധാനമായും കിട്ടുന്നത്. സുലഭമായി കിട്ടുന്ന മത്തി കേരളത്തിന്റെ തീരത്ത് നിന്ന് തന്നെ അപ്രത്യക്ഷമായെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.
പരിഹാരം വേണം
25 ശതമാനത്തിൽ നിന്ന് ഉയർത്താതെ മണ്ണെണ്ണ സബ്സിഡി നിരക്ക്
രാഷ്ട്രീയം നോക്കിയുള്ള ആനൂകൂല്യ വിതരണം
മത്സ്യ ബന്ധന ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നു
മത്സ്യലഭ്യത നന്നേ കുറഞ്ഞു
വറുതിയിൽ പട്ടിണി
മത്സ്യബന്ധത്തിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല.
ആയിക്കര മാപ്പിളബേ ഹാർബറിൽ മത്സ്യബന്ധനം നടത്തുന്ന ടി.പി. സിദ്ദിഖ്
രാഷ്ട്രീയം നോക്കി ഭവന വായ്പ്പ അനൂകുല്യങ്ങൾ നൽകുന്നു.
മത്സ്യ തൊഴിലാളിയായ എ.കെ. നൗഷാദ്