panchasabha
തൃക്കരിപ്പൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥികൾ കാസർകോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച പഞ്ചസഭ സംവാദത്തിൽ

കാസർകോട്: അഞ്ചു വർഷത്തിനിടെ ആയിരത്തിലധികം കോടിയുടെ വികസനം നടന്നെന്ന് സിറ്റിംഗ് എം.എൽ.എ എം. രാജഗോപാലൻ. സ്കൂളുകൾക്കും മറ്റുമായി 94.88 കോടിയും ടൂറിസം മേഖലയിൽ 18.75 കോടിയും കൊവിഡ് പ്രതിരോധത്തിന് 1.25 കോടിയുമടക്കം എണ്ണിപ്പറഞ്ഞ ഇടതുസ്ഥാനാർത്ഥിയുടെ അവകാശവാദത്തെ കള്ളവോട്ട് ആരോപിച്ചാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾ ചെറുത്തത്. കാസർകോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച പഞ്ചസഭയിലാണ് മിക്കപ്പോഴും കടുത്ത വാഗ്വാദത്തിലേക്ക് മാറിയ തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥികളുടെ സംവാദം അരങ്ങേറിയത്.

കണക്കിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലത്തിലെ 25 സ്കൂളുകളിൽ നടപ്പിലാക്കിയ പ്രത്യേക പദ്ധതി ഏറെ പ്രശംസ നേടി. 5491 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 8.9 കോടി രൂപ നൽകി. ലൈഫ് പദ്ധതികൾ നടപ്പിലാക്കിയത് മൂലം മണ്ഡലത്തിൽ ഭവന രഹിതർ ഇല്ലാതായെന്നും എം. രാജഗോപാലൻ പറഞ്ഞു.

എം.എൽ.എയുടെ അവകാശവാദങ്ങൾ മുഴുവൻ തള്ളിയ യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി ജോസഫ് വികസനം എത്തിനോക്കാത്ത ഓണംകേറാമൂലകളാണ് മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളെന്ന് ആരോപിച്ചു. കോട്ടയവും പാലായും എറണാകുളവും എം.എൽ.എ കണ്ടുപഠിക്കണമെന്നും എം.പി ജോസഫ് പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാദങ്ങൾ ബലപ്പെടുത്തുന്നതായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി. ഷിബിന്റെ അഭിപ്രായങ്ങൾ. തൃക്കരിപ്പൂർ താലൂക്ക് പ്രഖ്യാപനം ആഘോഷിച്ചവർ 10 വർഷം കാത്തിരുന്നിട്ട് വെറുതെയായി. കണക്കുകൾ കൊണ്ടുള്ള കസർത്ത് മാത്രമാണ് എം.എൽ.എ നടത്തുന്നതെന്നും ഷിബിൻ കുറ്റപ്പെടുത്തി.

73 ബൂത്തുകൾ സെൻസിറ്റീവ് ആണെന്നും ഇവിടെ കേന്ദ്രസേന വേണമെന്നും എം.പി. ജോസഫ് പറഞ്ഞതോടെ സംവാദത്തിന്റെ സ്വഭാവം മാറി. കള്ളവോട്ട് പ്രചാരണം കള്ളമാണ്. ആരോപണം ഉന്നയിച്ചും ഭീഷണിപ്പെടുത്തിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്ന് എം. രാജഗോപാലന്റെ മറുപടി. ബൂത്ത് ഏജന്റുമാരെ പൂട്ടിയിട്ട സംഭവം പോലും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ എല്ലാ ബൂത്തുകളിലും എജന്റുമാരെ ഇരുത്താൻ എൽ.ഡി.എഫ് അനുവദിക്കുമോയെന്നും എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി ഷിബിനും തിരിച്ചടിച്ചു.