കണ്ണൂർ: തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ടെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ഇ.പി. ജയരാജൻ എന്തോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണത്. കമ്യൂണിസ്റ്റുകാർക്കെല്ലാം വ്യക്തിപരമായ അഭിപ്രായമുണ്ടാകും. അത് പാർട്ടി എല്ലായിപ്പോഴും മാനിക്കാറുമുണ്ട്. എന്നാൽ അവസാന തീരുമാനം പാർട്ടിയെടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ പൊതു രീതി- മുഖ്യമന്ത്രി പറഞ്ഞു.
ഇ.എം.സി.സി വിവാദം മറികടക്കാൻ,കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസ് മുഖ്യമന്ത്രി വീണ്ടും ഉയർത്തി. നമ്മുടെ പാവം മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന വിദേശികൾക്ക് രക്ഷപ്പെടാനുള്ള മാർഗം ഒരുക്കിയത് കോൺഗ്രസായിരുന്നു. ആ വിദേശികൾക്ക് ശിക്ഷ ലഭിക്കാതിരുന്നതിന് കാരണക്കാർ കേന്ദ്രത്തിൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന ബി.ജെ.പി കൂടിയാണ്. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഒരു കരാറും ഒപ്പിട്ടിട്ടില്ല. താത്പര്യമുണ്ടെന്നറിയിക്കുന്ന ധാരണാപത്രം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് തീരദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്- മുഖ്യമന്ത്രി പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകരുന്നു. ഈ സർക്കാരിനെതിരെ ഉന്നയിച്ച ഒരാരോപണം പോലും വിശ്വാസ്യതയുള്ളതെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകരുന്നതതിന്റെ പ്രതിഫലനമാണ് കേരളത്തിലുടനീളമുള്ള എൽ.ഡി.എഫ് അനുകൂല ജനമുന്നേറ്റത്തിൽ തെളിയുന്നത്. ഇപ്പോൾ ബോംബുമായി വന്നിരിക്കുന്നു. ഏതു ബോംബും പൊട്ടിക്കോട്ടെ. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊന്നും മതിയാവില്ലെന്ന് ഇവർക്ക് എപ്പോഴാണ് മനസിലാവുക?- പിണറായി ചോദിച്ചു.