pin

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് തന്നെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുല്ലപ്പള്ളി പണ്ട് കോൺഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോൾ ബി.ജെ.പിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

''കുറെക്കാലമായില്ലേ എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുന്നു. മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോൾ കുറേ നോക്കിയതല്ലേ. വല്ലതും നടന്നോ. നിങ്ങൾ ആരെയാണ് ക്രൂശിക്കാൻ പുറപ്പെടുന്നത്. അത് നടക്കണമെങ്കിൽ അയാൾ കൂടി സഹായിക്കണം. ചില അബദ്ധങ്ങളും തെറ്റുകളുമൊക്കെ കാണിക്കണം. സാധാരണയിൽ നിന്നു വ്യത്യസ്തമായി ചെയ്യണം. നിങ്ങൾ ഇനിയും നോക്കിക്കോളൂ. പിണറായി വിജയൻ ഇവിടെ ഇങ്ങനെ തന്നെ കാണും''. ബോംബ് പൊട്ടുന്നത് പിണറായിയുടെ മകളുടെ കമ്പനിയിലാണോ എന്ന മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവനയ്ക്ക് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആരോപണങ്ങൾ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയിൽ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങൾ, കൃത്രിമ രേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണ സംഭാഷണങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നു. സംഘപരിവാറിന്റെ കൈപിടിച്ച് കേന്ദ്ര ഏജൻസികളുടെ അകമ്പടിയോടെ എൽ.ഡി.എഫിനെ തകർക്കാൻ ഒരുമ്പെട്ടിറങ്ങിയ യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിൽ റോൾ തന്നെ ഇല്ലാതാവും.

ഇരട്ട വോട്ട് പുറത്ത് വന്നിടത്തോളമെല്ലാം കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും ബന്ധപ്പെട്ടവരുമാണല്ലോ. ഇതുവരെ പുറത്തുവന്ന കാര്യങ്ങൾ വെബ്‌സൈറ്റിലാക്കി പ്രതിപക്ഷ നേതാവ് ഏതോ മഹാകാര്യമെന്ന നിലയിൽ പറയുകയാണ്. അക്കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കോടതിയും മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വന്നിടത്തോളം കാര്യങ്ങൾ നോക്കുമ്പോൾ കോൺഗ്രസുകാർ ബോധപൂർവം ഇരട്ടയായി ചേർക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് സംശയിക്കണം- മുഖ്യമന്ത്രി പറഞ്ഞു.