കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കൈയിലെ ടീസോ ടീ ക്ളാസിക് വാച്ചിലേക്ക് നോക്കിയതും ചിരകാല സാരഥി വിനോദ് ഇന്നോവ ക്രിസ്റ്റ സ്റ്റാർട്ട് ചെയ്തതും ഒരുമിച്ചായിരുന്നു. രാവിലെ 9ന് പിണറായി കൺവെൻഷൻ സെന്ററിൽ വാർത്താസമ്മേളനം. 8.55ന് തന്നെ കൃത്യതയുടെ ഹോൺ മുഴക്കി പിണറായിയുമായി വാഹനം കൺവെൻഷൻ സെന്ററിലെത്തി. 25 മിനുട്ട് നീണ്ട വാർത്താസമ്മേളനം. പത്ത് മിനുട്ട് ചോദ്യങ്ങൾക്ക് മറുപടി. ഇനി മത്സരിക്കുന്നില്ലെന്ന ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്കും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപരമായ പരാമർശങ്ങൾക്കും ഇഴ കീറി മറുപടി.
പാർട്ടിഭരണഘടനയുടെ പിൻബലത്തിൽ ജയരാജനെ തിരുത്തിയപ്പോൾ മുല്ലപ്പള്ളിക്ക് കടുത്ത ഭാഷയിലായിരുന്നു മറുപടി. കെ.പി.സി.സി പ്രസിഡന്റ് തന്നെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. മുല്ലപ്പള്ളി പണ്ട് കോൺഗ്രസിന്റെ കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോൾ ബി.ജെ.പിയുടെ മന്ത്രിയാണോയെന്ന് അറിയില്ല. കുറെ കാലമായില്ലെ എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുന്നു. മുല്ലപ്പള്ളി ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോൾ കുറേ നോക്കിയതല്ലേ വല്ലതും നടന്നോ. നിങ്ങൾ ഇനിയും നോക്കിക്കോളൂ. പിണറായി വിജയൻ ഇവിടെ ഇങ്ങനെ തന്നെ കാണും'. വാക്കുകളിലെ തീപ്പൊരി എന്തോ ഇത്തവണ മുഖത്തില്ല. വ്യക്തിപരമായ ആരോപണങ്ങളിലും ഇന്നലെ കൂളായിരുന്നു പിണറായി.
വാർത്താസമ്മേളനം കഴിഞ്ഞിറങ്ങുമ്പോൾ സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം സി.എൻ. ചന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ എന്നിവരെത്തി.
എ.കെ.ജിയുടെ നാട്ടിലാണ് പര്യടനം. രാവിലെ 9.30ന് മാവിലായി മുണ്ടയോട് തുടക്കം. സ്വീകരണങ്ങളോരോന്നും ചെറുപൊതുയോഗങ്ങളാക്കിയാണ് പിണറായിയെ വരവേൽക്കുന്നത്. ക്യാപ്റ്റൻ പിണറായി എന്നെഴുതിയ ചുവപ്പ് തൊപ്പിയണിഞ്ഞാണ് പ്രവർത്തകർ എത്തുന്നത്. മീനച്ചൂടിനെ വെല്ലുന്ന ആവേശത്തോടെ പ്രായം മറന്നും എത്തുന്ന ജനസഞ്ചയം.
സ്വീകരണം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുമ്പോൾ വെയിൽചൂടും മത്സരിക്കുകയായിരുന്നു. കൊച്ചുകുട്ടികളും സ്ത്രീകളും ചുവന്ന മേലാപ്പിനു കീഴെ ആവേശത്തിന്റെ തിരമാലകൾ തീർത്തു.
സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചവർക്ക് മുന്നിൽ കേരള ബദലിന്റെ നേട്ടങ്ങളെക്കുറിച്ചും അത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പിണറായി വിജയന്റെ ചുരുങ്ങിയ വാക്കുകളിലുള്ള വിശദീകരണം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വികസന വിരോധികൾ സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കുന്നു. കേരളത്തിന്റെ പുരോഗതിയെക്കുറിച്ചു ചർച്ച ചെയ്യാമോ എന്ന ചോദ്യത്തിൽ നിന്ന് അവർ ഒഴിഞ്ഞുമാറുകയാണ്. പകരം ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. നാടിനെക്കുറിച്ച് വ്യാജകഥകൾ ലോകത്താകെ പ്രചരിപ്പിക്കുകയാണ്- പിണറായി പറഞ്ഞു.
എളവനയിൽ പ്രവാസിയായ മുരളിയുടെ വീട്ടിലായിരുന്നു സ്വീകരണം. വീടിന്റെ മുറ്റത്തൊരുക്കിയ പന്തലിൽ ചലച്ചിത്ര നടൻ ശ്രീകുമാറും ഇ.കെ. ദൃശ്യയും കത്തിക്കയറുകയായിരുന്നു. കൈയടികളുടെ നടുവിലേക്ക് പിണറായി എത്തി. പ്രസംഗം തുടരാൻ പിണറായി ആംഗ്യം കാണിച്ചെങ്കിലും ശ്രീകുമാർ നായകനെ സ്വീകരിച്ചിരുത്തി. പിണറായിയെ കണ്ടതോടെ വേദിയിലെ നേതാക്കൾ ആദരവോടെ എഴുന്നേറ്റു നിന്നു. കെ.കെ. രാഗേഷ് എം.പി, എം.കെ. മുരളി, ടി.കെ.എ. ഖാദർ, ടി.വി.ലക്ഷ്മി എന്നിവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു. മക്രേരി, ഐവർകുളം, കിലാലൂർ, കണ്ണാടിവെളിച്ചം, പാളയം, വണ്ണാന്റെ മെട്ട പിന്നിട്ട് വേങ്ങാട് എത്തുമ്പോഴേക്കും സമയം ഏഴു കഴിഞ്ഞു. പിണറായി അപ്പോഴും ഫുൾ ചാർജിലായിരുന്നു.