kodiyeri

തലശേരി: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇ.ഡി ഡയറക്ടറായി ബി.ജെ.പി എപ്പോഴാണ് നിയമിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. തലശേരിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികളെല്ലാം ബി.ജെ.പിയുടെ കൈവശമാണെന്നാണ് മനസിലാക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ ബി.ജെ.പി ചുമതല ഏൽപിച്ചിട്ടുണ്ടോ. ഇ.ഡി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യും, ബോംബ് പൊട്ടുമെന്നൊക്കെയുള്ള വിവരങ്ങൾ അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടുന്നത്. ബി.ജെ.പി എടുക്കുന്ന തീരുമാനം കെ.പി.സി.സി പ്രസിഡന്റ് അറിയുന്നു. അതവർ വെളിപ്പെടുത്തുന്നു. ബി.ജെ.പിയും കോൺഗ്രസും ഒരു പോലെ പറയുന്നു. ഇതാണിവർ തമ്മിലുള്ള ബന്ധം. നുണബോംബ് കാട്ടി തങ്ങളെ പേടിപ്പിക്കേണ്ട. ആറ്റം ബോംബ് വന്നാലും ഇടതുപക്ഷം തോൽക്കില്ല. ഇത്തരം ഒത്തുകളിയെല്ലാം ജനങ്ങൾ തിരിച്ചറിയും.

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയക്കളിയെയും നിയമവിരുദ്ധ പ്രവർത്തനത്തെയും എങ്ങനെ നേരിടണമെന്ന സന്ദേശമാണ് പിണറായി സർക്കാർ രാജ്യത്തിന് നൽകുന്നത്. കേന്ദ്രഏജൻസികളെ ഉപയോഗിച്ചുള്ള ഒരുകളിയും കേരളത്തിൽ വിജയിക്കില്ല. നിയമവിരുദ്ധ പ്രവർത്തനം ആര് നടത്തിയാലും ചോദ്യം ചെയ്യും. ഇതിൽ വിറളിപിടിച്ചാണ് സർക്കാറിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള കുതന്ത്രം മെനയുന്നത്. കോൺഗ്രസ് ഭരണത്തിലുള്ള സർക്കാരുകളെ അട്ടിമറിച്ചത് പോലെ കേരളത്തിൽ നടപ്പില്ല. പുതുച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രഏജൻസി ഇറങ്ങിയപ്പോൾ കോൺഗ്രസ് അതിന് മുൻപിൽ വിറങ്ങലിച്ചു നിന്നുപോയി. പുതുച്ചേരിയിൽ കോൺഗ്രസ് എം.എൽ.എക്ക് 22 കോടിയുടെ ഇൻകംടാക്‌സ് നോട്ടീസ് വന്നപ്പോഴാണ് പിറ്റേദിവസം ബി.ജെ.പിയായത്–കോടിയേരി പറഞ്ഞു.