കണ്ണൂർ: കാലത്തിനൊത്ത വികസന കാഴ്ചപ്പാടുകളും നൂതന ആശയങ്ങളും യാഥാർത്ഥ്യമാക്കി കണ്ണൂർ ജില്ലാപഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാമത്. പ്രതിസന്ധി ഘട്ടങ്ങളെല്ലാം തരണംചെയ്ത് 2020–21 വർഷം പദ്ധതി വിഹിതം 112 ശതമാനം ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ചരിത്രനേട്ടം കൈവരിച്ചത്.
സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് പദ്ധതി വിഹിത ചെലവ് 112 ശതമാനം എത്തിയത്. സംസ്ഥാനത്തെ മറ്റ് ജില്ലാ പഞ്ചായത്തുകളെ ബഹുദൂരം പിന്നിലാക്കിയാണ് കണ്ണൂരിന്റെ നേട്ടം.
കൊവിഡ് മഹാമാരിയിൽ രാജ്യം അടച്ചിട്ടപ്പോഴും സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കിയാണ് ഈ നേട്ടം. കൃഷി, മത്സ്യബന്ധനം, സ്‌കൂളുകൾക്ക് സോളാർ പ്രൊജക്ടുകൾ, ആരോഗ്യമേഖലയിലെ നൂതന പദ്ധതികൾ, ശുചിത്വ പദ്ധതികൾ, മണ്ണ്–ജലസംരക്ഷണ പദ്ധതികൾ, മൃഗസംരക്ഷണ മേഖലയിൽ ഉൾപ്പെടെ തൊഴിൽ ദായകമായ നൂതന സംരംഭങ്ങൾ എന്നിവ ജില്ലാ പഞ്ചായത്തിനെ നേട്ടങ്ങളുടെ ചവിട്ടുപടി കയറാൻ പ്രാപ്തമാക്കി. ജനങ്ങളുടെ മുഴുവൻ പിന്തുണയും ലഭിച്ച നിരവധി പദ്ധതികൾ കെ.വി. സുമേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പൂർത്തിയാക്കി. തുടർന്നുവന്ന പി.പി. ദിവ്യയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെട്ടു. ചരിത്രനേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച സെക്രട്ടറി ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥരെ പ്രസിഡന്റ് പി.പി. ദിവ്യ അഭിനന്ദിച്ചു.