കാസർകോട്: സി.പി.എം. പോളിറ്റ് ബ്യൂറോ മെമ്പർ എസ്. രാമചന്ദ്രൻ പിള്ള എന്നും പി.ബിയിൽ ഒരു കിംഗ് മേക്കർ ആയിരുന്നു. പാർലമെന്ററി വ്യാമോഹം തൊട്ടുതീണ്ടാതെ സോഷ്യലിസവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന നേതാവ്. നയവ്യതിയാനം സംഭവിക്കുമ്പോഴെല്ലാം അതിനെ തിരുത്തി സി.പി.എമ്മിനെ നയിക്കുന്നതിൽ ജാഗ്രത പുലർത്തുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ എല്ലാം കേരളത്തിലേക്ക് ഓടിയെത്തി പ്രചാരണം ഏറ്റെടുക്കുക പതിവാണ്. കേരളം മുഴുവൻ സഞ്ചരിക്കുന്ന എസ്.ആർ.പിയുടെ നിരീക്ഷണം ഇതുവരെ തെറ്റിയിട്ടുമില്ല. രാവിലെ കാസർകോട് പ്രസ് ക്ലബിന്റെ പഞ്ചസഭ പരിപാടിയിൽ സംബന്ധിച്ചപ്പോഴും രാഷ്ട്രീയ കേരളം എങ്ങിനെ ചിന്തിക്കുന്നു എന്ന കൃത്യമായ നിരീക്ഷണം എസ്.ആർ.പി പങ്കുവെച്ചു.
ആദ്യത്തെ പൊതുയോഗം മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിൽ ആയിരുന്നു. പരിപാടിയിൽ ഇതുവരെയില്ലാത്ത ജനസഞ്ചയം. ഒരു മണിക്കൂർ വൈകി 11 മണിയോടെ പൈവളികെ സ്‌കൂൾ ഗ്രൗണ്ടിൽ എസ്.ആർ.പി. എത്തുമ്പോൾ കർണ്ണാടക സി.പി.എം. നേതാവ് മുനീർ കാട്ടിപ്പള്ളം കന്നടയിൽ വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു. സ്ഥാനാർത്ഥി വി.വി. രമേശൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ, ഏരിയ സെക്രട്ടറി വി.എം. സുബൈർ, ബി.വി. രാജൻ, അജിത് കുമാർ (സി.പി.ഐ), പി. രഘുദേവൻ എന്നിവർ വേദിയിൽ ഉണ്ടായിരുന്നു.
ഓരോ ദിവസവും കേന്ദ്ര ഏജൻസികൾ പുറത്തുവിടുന്ന നുണബോംബുകൾ നിങ്ങൾ വിശ്വസിക്കുമോ..? എന്ന് ചോദിച്ചായിരുന്നു എസ്.ആർ.പിയുടെ പ്രസംഗം. മുള്ളേരിയയിൽ എസ്.ആർ.പി എത്തുമ്പോൾ ഉച്ചവെയിലിന്റെ കാഠിന്യത്തിലും വലിയ ആൾക്കൂട്ടം കാത്തിരിപ്പുണ്ടായിരുന്നു. എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സർക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം, തുടർഭരണം ഉറപ്പാണ് എം.എ. ലത്തീഫ് ആണ് നമ്മുടെ സ്ഥാനാർത്ഥി, വിജയിപ്പിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള എസ്.ആർ.പിയുടെ പ്രസംഗം പതിവ് ശൈലിയിൽ. കെ. കുഞ്ഞിരാമൻ എം.എൽ.എയും സ്ഥാനാർത്ഥി എം.എ. ലത്തീഫും ഗോവിന്ദൻ പള്ളികാപ്പിലും സിജി മാത്യുവും അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം എസ്.ആർ.പി. എത്തിയത് ഉദുമ മണ്ഡലത്തിലെ പാലക്കുന്നിൽ ആയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ എന്നിവർ പൊതുരാഷ്ട്രീയവും പ്രതിപക്ഷത്തിന്റെ കള്ളത്തരവും തുറന്നുകാണിച്ചു. തുടർന്നായിരുന്നു എസ്.ആർ.പിയുടെ സംസാരം. സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പുവിനെ നിയമസഭയിൽ എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ഇറങ്ങി പരപ്പയിലെ മന്ത്രി ഇ. ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തി. വൈകുന്നേരം ഏഴ് മണിയോടെയാണ് ചെറുവത്തൂർ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൃക്കരിപ്പൂർ മണ്ഡലം പൊതുയോഗത്തിൽ എസ്.ആർ.പി എത്തിയത്. വൻ ജനാവലിയാണ് എസ്.ആർ.പിയെ ശ്രവിക്കാനും സ്വീകരിക്കാനും ചെറുവത്തൂരിൽ എത്തിയത്. പി. കരുണാകരൻ, സ്ഥാനാർത്ഥി എം. രാജഗോപലാൻ, എ. അമ്പൂഞ്ഞി, സാബു അബ്രഹാം, പി. ജനാർദ്ദനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വി.വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.