തലശ്ശേരി: നവകേരള നിർമ്മിതിയുടെ വിജയത്തുടർച്ചയ്ക്കായി ഇടതുപക്ഷത്തിനൊപ്പം എന്ന മുദ്രാവാക്യമുയർത്തി സ്വരലയ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യയൊരുക്കുന്നു. നാളെ വൈകിട്ട് അഞ്ചിനു ധർമടം പാലയാട് മിനി സ്റ്റേഡിയത്തിലാണു കലാസന്ധ്യ അരങ്ങേറുക. മുഖ്യമന്ത്രി പിണറായി വിജയനെ ചലച്ചിത്ര സാംസ്‌കാരിക നായകർ അനുമോദനോപഹാരം നൽകി ആദരിക്കും. എഴുത്തുകാരൻ ടി. പത്മനാഭൻ, ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, സുഹാസിനി, ഇന്നസെന്റ് എന്നിവർ സംബന്ധിക്കും. കൽപ്പാത്തി ബാലകൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, ചേറക്കൽ നിധീഷ് എന്നിവരുടെ ട്രിപ്പിൾ തായമ്പകയോടെയുള്ള കേളികൊട്ട്, സൂഫി സംഗീതജ്ഞ സില ഖാൻ നയിക്കുന്ന സൂഫി സംഗീതരാവും ഒരുക്കുന്നുണ്ട്. വ്യത്യസ്തമായ മറ്റു കലാ പരിപാടികളും അരങ്ങേറുമെന്നു പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ രമേശ്, സംഘാടക സമിതി ചെയർമാൻ എൻ.കെ രവി, ടി. അനിൽ, സെൽവൻ മേലൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.