pinarayi-vijayan

കണ്ണൂർ:ലോകത്തിനു മുന്നിൽ വ്യാജ വോട്ടർമാരുടെ നാടാക്കി പ്രതിപക്ഷ നേതാവ് കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഒരേ പേരുള്ളവർ, സമാനമായ പേരുകൾ ഉള്ളവർ, ഇരട്ട സഹോദരങ്ങൾ ഇവരൊക്കെ അദ്ദേഹത്തിന് കള്ള വോട്ടർമാരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂർവകവുമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടേത്.

ട്വിറ്ററിലും മറ്റും ദേശീയ തലത്തിൽ തന്നെ കേരളത്തിനെതിരെ അപവാദ പ്രചാരണങ്ങളാണ് നടക്കുന്നത്. വലതുപക്ഷ വർഗ്ഗീയ ഹാൻഡിലുകൾ അവ കേരളത്തിനെതിരെ ഉപയോഗിക്കുകയാണ്. 20 ലക്ഷം ബംഗ്ലാദേശികൾ കേരളത്തിലെ വോട്ടർ പട്ടികയിൽ ഇടം നേടിയെന്നാണ് അവർ ആക്ഷേപിച്ചത്.

വോട്ട് ചേർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ചെയ്യേണ്ടത്. അപാകതകൾ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എൽ.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.പ്രാദേശിക തലത്തിൽ അതിന് ശ്രമിക്കുന്നുമുണ്ട്. യു.ഡി.എഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോയെന്ന് പറയേണ്ടത് അവർ തന്നെയാണ്.

പല തരത്തിൽ ഇരട്ട വോട്ട് വരാറുണ്ട്. വിവാഹശേഷം ഭർത്താവിന്റെ നാട്ടിൽ വോട്ടു ചേർക്കുന്നവരുണ്ട്. സാങ്കേതിക കാരണങ്ങളാൽ ആദ്യ ലിസ്റ്റിൽ ആ പേര് തുടർന്നാൽ ആ പെൺകുട്ടി വ്യാജ വോട്ടറാകുന്നതെങ്ങനെ. രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാതെ നോക്കുകയാണ് വേണ്ടത്. അതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. സ്വന്തം വീട്ടിലെ ഇരട്ടവോട്ടു പോലും അദ്ദേഹം കണ്ടില്ല. പകരം കേരളത്തിലാകെ ഇരട്ടവോട്ടാണ് എന്ന പ്രഖ്യാപനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.