കാസർകോട്: തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പൊതുപര്യടനം പൂർത്തിയാക്കിയ ഇടതുമുന്നണി ഐ.എൻ.എൽ. സ്ഥാനാർത്ഥി എം.എ. ലത്തീഫ് ഇന്നലെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ എന്നിവരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കാനാണ് സമയം കണ്ടെത്തിയത്. രാവിലെ എട്ടു മണിക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ആരംഭിച്ച പര്യടനം വൈകുന്നേരം കുമ്പഡാജെ പഞ്ചായത്തിലെ കുടുംബ സംഗമത്തോടെയാണ് സമാപിച്ചത്. മൊഗ്രാൽ പുത്തൂരിൽ എത്തിയ സ്ഥാനാർത്ഥി കുടുംബവീടുകൾ സന്ദർശിച്ചു വോട്ട് ചോദിച്ചു. സുഹൃത്തുക്കളെയും വ്യക്തികളെയും കണ്ടു. ഐ.എൻ.എൽ. ജില്ല സെക്രട്ടറി അസീസ് കടപ്പുറം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ, ഫായിസ് എരിയാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കാസർകോട് ടൗൺ ഹാൾ പരിസരത്തെ ബന്ധുവീട്ടിലും സ്ഥാനാർത്ഥിയെത്തി. കാസർകോട് മഡോണ ചർച്ചിൽ സ്ഥാനാർത്ഥി എത്തുമ്പോൾ ദുഃഖവെള്ളിയാഴ്ചയുടെ പ്രാർത്ഥന ചടങ്ങുകൾ നടക്കുകയായിരുന്നു. ആ ചടങ്ങുകളിൽ സംബന്ധിച്ചു മടങ്ങിയ എം.എ. ലത്തീഫ് പിന്നീട് കാസർകോട് നഗരത്തിലെ തന്നെ ഫാത്തിമ ഹോസ്പിറ്റൽ, അരമന ഹോസ്പിറ്റൽ തുടങ്ങിയവ സന്ദർശിച്ചു രോഗികൾ, ഡോക്ടർമാർ, നഴ്‌സുമാർ മറ്റു ജീവനക്കാർ എന്നിവരോട് വോട്ട് അഭ്യർത്ഥിച്ചു. 'എൽ.ഡി.എഫിന്റെ കാസർകോട്ടെ സ്ഥാനാർത്ഥിയാണ്. എന്റെ ചിഹ്നം ഫുട്‌ബാൾ ആണ്. എനിക്ക് വോട്ട് ചെയ്യണം. സുഹൃത്തുക്കളോട് വോട്ട് ചെയ്യാൻ പറയണം..' താഴ്മയോടെയുള്ള അഭ്യർത്ഥനയുമായി നടന്നുനീങ്ങുകയായിരുന്നു സ്ഥാനാർഥി എം.എ. ലത്തീഫ്. ഉച്ചയ്ക്ക് തളങ്കര മാലിക് ദിനാർ ജുമാ മസ്‌ജിദിൽ ജുമാ നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം തളങ്കരയിലും പരിസരങ്ങളിലുമുള്ള വോട്ടർമാരെ കാണുന്നതിനാണ് സമയം മാറ്റിവെച്ചത്. നാല് മണിയോടെ ചെർക്കളയിൽ സി.പി.എം. പോളിറ്റ് ബ്യുറോ മെമ്പർ വൃന്ദ കാരാട്ടിന്റെ പരിപാടിയിൽ സംബന്ധിച്ച ശേഷമാണ് കുമ്പഡാജെയിലെ കുടുംബസംഗമത്തിൽ പങ്കെടുത്തത്.