
കണ്ണൂർ: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഒന്നര വർഷത്തിനു ശേഷം സ്വന്തം നാടായ കണ്ണൂരിൽ ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിലെ പത്തോളം പരിപാടികളിൽ പങ്കെടുത്തു. ചികിത്സ കഴിഞ്ഞുള്ള വരവിൽ ഫുൾ ചാർജിലാണ്. എന്ത് ചോദ്യവും ആകാമെന്ന ഭാവത്തിലായിരുന്നു പ്രസ് ക്ളബിലെ മീറ്റ് ദി പ്രസിൽ കോടിയേരി.
ഭാര്യ വിനോദിയുടെ ഐ ഫോൺ ?
വിനോദിനി ഉപയോഗിക്കുന്ന എെ ഫോൺ പണം കൊടുത്ത് വാങ്ങിയതാണ്. ഇത് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. ചില മാദ്ധ്യമങ്ങൾ പറയുന്നത് അടിസ്ഥാനരഹിതം
ഇരട്ട വോട്ട് ആരോപണം ?
ഇരട്ടവോട്ട് യു.ഡി.എഫിനെ തിരിഞ്ഞു കുത്തുകയാണ്. പ്രതിപക്ഷ നേതാവിന്റെ അമ്മയ്ക്ക് ഇരട്ട വോട്ടുണ്ട്. ഇരട്ട സഹോദരന്മാരുടെ വോട്ട് വരെ ഇരട്ട വോട്ടായി ചിത്രീകരിച്ചു. വോട്ടേഴ്സ് ലിസ്റ്റ് കുറ്റമറ്റതാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. സർക്കാരിന് അതിൽ പങ്കില്ല.
മുഖ്യമന്ത്രി പറഞ്ഞ ബോംബ് ?
ഒന്നും കാണാതെ മുഖ്യമന്ത്രി അങ്ങനെ പറയില്ല. പ്രതിപക്ഷം സർക്കാരിനെതിരെ പടക്കങ്ങൾ പൊട്ടിക്കുന്നുണ്ട്. ബോംബ് ഉണ്ടെങ്കിൽ അത് വേഗം പൊട്ടിക്കുന്നതായിരിക്കും നല്ലത്. നുണ ബോംബുകളാണല്ലോ എല്ലാം. ആറ്റം ബോംബ് പ്രയോഗിച്ചാലും ഇടതുപക്ഷം പേടിക്കില്ല.
ക്യാപ്റ്റൻ എന്ന വാക്ക് ?
മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്ന ക്യാപ്റ്റൻ വാക്ക് ജനങ്ങൾക്കിടയിൽ നിന്ന് വന്നതാണ്. പാർട്ടി എവിടെയും അത്തരം വാക്ക് ഉപയോഗിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടുള്ളവയാണ്.
തലശേരിയിലെ വോട്ടു കച്ചവടം ?
തലശ്ശേരിയിൽ സ്വന്തം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സമയത്തും ബി.ജെ.പി വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇതിനു പിന്നിൽ. അതിനാണ് യു.ഡി.എഫ് അവരെ കൂട്ടുപിടിച്ചത്.
ഇ.പി. ഇനി മത്സരിക്കില്ലെന്നു പറഞ്ഞത് ?
ഇ.പി.ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. എന്നാൽ ഇതൊക്കെ തീരുമാനിക്കുന്നത് പാർട്ടിയാണ്.
തുടർ ഭരണം ?
ചരിത്രംകുറിച്ച് ഇടതുപക്ഷത്തിന് തുടർഭരണം കിട്ടും.