കാസർകോട്: മിയാപ്പദവ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തി കടലിൽ തള്ളിയ കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ ജാമ്യം ലഭിച്ചത് പുതിയൊരു നിയമപോരാട്ടത്തിന് വഴിവച്ചു. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മണലിന്റെ അംശം കണ്ടെത്തിയ കാര്യം പ്രതിഭാഗം അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രതികളായ മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ടരമണ കാരന്തര (40), സുഹൃത്ത് നിരഞ്ജൻ (22) എന്നിവർക്ക് ഹൈക്കോടതി ഏതാനും നാൾ മുമ്പ് ജാമ്യം നൽകിയത്.

കാസർകോട് ജില്ലാ രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ്‌കുമാർ, എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് തെളിയിച്ചു പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജ്ജന്റെ വിശദമായ റിപ്പോർട്ടിൽ അദ്ധ്യാപികയുടെ ശ്വാസകോശത്തിൽ മണലിന്റെ അംശം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ധ്യാപിക അബദ്ധത്തിൽ പുഴയിൽ വീണ് മരിച്ചതാണെന്നും കാണിച്ചാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതികൾക്ക് ജാമ്യം നൽകി. ഇതിനെതിരെ ക്രൈംബ്രാഞ്ച് എസ്.ഐ ആയിരുന്ന ബാബു സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുകയാണ്. സുപ്രീംകോടതിയുടെ അന്തിമവിധിക്ക് വേണ്ടി കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.

കേസിന്റെ വിചാരണ നടപടികൾ അതിന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ. വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചിരുന്നു. റിയാസ് മൗലവി വധം, സുബൈദ വധം, ജാനകിവധം തുടങ്ങിയ പ്രമാദമായ മറ്റ് കൊലക്കേസുകളുടെ വിചാരണ കൂടി നടക്കേണ്ടതിനാൽ രൂപശ്രീ വധക്കേസിന്റെ ഫയലുകൾ വിചാരണക്കായി ജില്ലാ കോടതി അഡീഷണൽ കോടതിക്ക് കൈമാറുകയായിരുന്നു. കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയിലാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. 2020 ജനുവരി 18 ന് പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.