കാസർകോട്: തലപ്പാടിയിലെ ബാറിന് സമീപം എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തിയ
ഉപ്പള സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള സ്വദേശികളായ ഫസൽ പി.എം (27), മുഹമ്മദ് നൗഫൽ എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തലപ്പാടി മദ്യശാലക്ക് സമീപം എം.ഡി.എം.എ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഫസലിനെയും നൗഫലിനെയും ഉള്ളാൾ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ച മോട്ടോർ ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കമ്മീഷണർ ശശികുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ ഹരിറാം ശങ്കർ, വിനയ് ഗൗങ്കർ എന്നിവരുടെ നിർദേശപ്രകാരം അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഉള്ളാൾ പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് രണ്ടംഗസംഘം കുടുങ്ങിയത്.