pinarayyi
രൈരുവേട്ടന്റെ വീട്ടുമുറ്റത്തെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

തലശ്ശേരി: തിരഞ്ഞെടുപ്പങ്കത്തിലെ നായകൻ, മുഖ്യമന്ത്രി പിണറായി വിജയൻ പിറന്ന മണ്ണിലെ പഴയ സതീർത്ഥ്യർക്കും, കളിക്കൂട്ടുകാർക്കും, ആത്മമിത്രങ്ങൾക്കുമൊപ്പം കുറച്ചുസമയം. 'നേതാവിനോടൊപ്പം ഒരു നേരം' എന്ന പരിപാടി മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം സഘടിപ്പിച്ചത് അന്തരിച്ച സ്വാതന്ത്യസമര സേനാനി രൈരുവേട്ടന്റെ വീട്ടിലായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുമായി മരണം വരെ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിനുമപ്പുറം, പിണറായിയുമായി എന്നും ആത്മബന്ധം പുലർത്തിയ ആളായിരുന്നു രൈരു നായർ.

ബ്രണ്ണൻ കോളേജിലെ സതീർത്ഥ്യരും, ബാല്യകാല സുഹൃത്തുക്കളും, സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം പങ്കെടുത്ത വീട്ടുമുറ്റ വേദിയിൽ ഹ്രസ്വമായ വാക്കുകളിൽ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ, കാലത്തെ ആറ് പതിറ്റാണ്ടുകൾക്ക് പിറകിലെത്തിച്ചു. ഹംസ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജെമിനി ശങ്കരേട്ടൻ, ലെനിന്റെ ശിൽപം പിണറായിക്ക് ഉപഹാരമായി നൽകി. രാഷ്ട്രീയ എതിരാളികൾ നടത്തുന്ന നുണകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ, നാടൊന്നാകെ അണിനിരക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി, അപൂർവമായ ഈ സംഗമം ഊർജം പകരുന്നതായി പറഞ്ഞു.

മുൻ എം.പി. പാട്യം രാജൻ കോളേജ് കാലഘട്ടം മുതലുള്ള ഓർമകൾ വേദിയിൽ പങ്കുവെച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പ്രമുഖ ചിത്രകാരൻ എബി.എൻ. ജോസഫ്, മാദ്ധ്യമപ്രവർത്തകൻ ദീപക് ധർമടം, ബ്രണ്ണൻ കോളേജ് സഹപാഠി ടി.വി. രാധാകൃഷ്ണൻ എന്നിവരും സംസാരിച്ചു. മൾട്ടിമീഡിയ സെക്രട്ടറി സെൽവൻ മേലൂർ സ്വാഗതവും, മേലൂർ വായനശാല സെക്രട്ടറി കെ. സുരേയൻ നന്ദിയും പറഞ്ഞു.