കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറിൽ വോട്ടർമാരെ പണവും മദ്യവും മറ്റും നൽകി സ്വാധീനിക്കുന്നത് തടയാൻ ജില്ലയിൽ പരിശോധനകൾ കർശനമാക്കാൻ ജില്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് നിർദ്ദേശം നൽകി. ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന വിവിധ എൻഫോഴ്സ്‌മെന്റ് ഏജൻസികളുടെ യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ അന്തർ സംസ്ഥാന- അന്തർ ജില്ലാ അതിർത്തികളിലും തീരപ്രദേശങ്ങളിലും ഉൾപ്പെടെ നിരീക്ഷണവും പരിശോധനയും കർക്കശമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളയിംഗ് സ്‌ക്വാഡുകൾ, സർവെയ്ലൻസ് ടീമുകൾ എന്നിവയ്ക്ക് പുറമെ, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, കസ്റ്റംസ്, ജി.എസ്.ടി, ആദായ നികുതി തുടങ്ങിയ വിഭാഗങ്ങളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി
വിമാനത്താവളം വഴിയുള്ള പണത്തിന്റെയും സ്വർണത്തിന്റെയും കടത്ത് തടയുന്നതിന് കസ്റ്റംസ്, പൊലീസ് നടപടികൾ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. മദ്യത്തിന്റെ കടത്തും സംഭരണവും തടയുന്നതിന് പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങൾ സംയുക്ത പരിശോധനകൾ നടത്തണം. കർണാടകത്തോട് ചേർന്ന വനാതിർത്തികളിലെ ഊടുവഴികളിലൂടെ മദ്യവും പണവും കടത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് അവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. നിരീക്ഷണത്തിന്റെ ഭാഗമായി ഫ്ളയിംഗ് സ്‌ക്വാഡുകളും സർവെയ്ലൻസ് ടീമുകളും നടത്തിയ വാഹന പരിശോധനകളിൽ ഇതിനകം 50 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. യോഗത്തിൽ ജില്ലാ കളക്ടർ ടി.വി സുഭാഷ്, ചെലവ് നിരീക്ഷകരായ മേഘ ഭാർഗ്ഗവ, ബീരേന്ദ്രകുമാർ, സുധാൻഷു ശേഖർ ഗൗതം, സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറൽ എസ്.പി നവനീത് ശർമ്മ, ചെലവ് നിരീക്ഷണം നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ കുഞ്ഞമ്പു നായർ പങ്കെടുത്തു.


സംശയാസ്പദമായ പണമിടപാടുകൾ

ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംശയാസ്പദമായ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഒരു കോടിയിലേറെ രൂപയുടെ സംശയാസ്പദമായ പണമിടപാടുകൾ പരിശോധനയിൽ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. ഇവയുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊവിഡിനെതിരെ കരുതൽ

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിൽ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് യോഗങ്ങളിലും ഗൃഹസന്ദർശന വേളകളിലും അൽപ സമയം കൊവിഡ് ബോധവത്കരണത്തിനായി നീക്കിവയ്ക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

ജില്ലയിലെ എൻഫോഴ്സ്‌മെന്റ് ഏജൻസികൾ തമ്മിൽ രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ജില്ലാ കളക്ടർ ടി.വി സുഭാഷ്