nellikkunnu
എൻ എ നെല്ലിക്കുന്ന് എരിയാലിൽ സ്വീകരണത്തിനിടെ

കാസർകോട്:കനത്ത ത്രികോണപോരാട്ടമാണ് ഇക്കുറിയും കാസർകോട് നിയോജകമണ്ഡലത്തിൽ നടക്കുന്നത്. മുസ്ലിം ലീഗ് കാലങ്ങളായി കൈവശം വെക്കുന്ന മണ്ഡലത്തിൽ പക്ഷെ ബി.ജെ.പി കനത്ത മത്സരം പതിവായി കാഴ്ചവെക്കുന്നുണ്ട്.ഇടതുമുന്നണിക്കുമുണ്ട് മണ്ഡലത്തിൽ മോശമല്ലാത്ത വോട്ട്.

പുലർച്ചെ മുതൽ മണ്ഡലത്തിലെ പ്രവർത്തകരുടെയും നേതാക്കളുടെയും ഫോൺ വിളിയാണ് മൂന്നാംതവണയും മത്സരത്തിനിറങ്ങിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എൻ.എ.നെല്ലിക്കുന്നിന്. നെല്ലിക്കുന്ന് അബ്ദുൾഖാദർ മുഹമ്മദ് കുഞ്ഞി എന്ന പേര് എൻ.എ നെല്ലിക്കുന്ന് എന്നും സ്നേഹക്കൂടുതലുള്ളവർ എൻ.എ എന്നും ചുരുക്കി വിളിക്കാൻ തുടങ്ങി കാലങ്ങളായി. തിരഞ്ഞെടുപ്പുകാലത്ത് പ്രഭാതഭക്ഷണം പോലും പോലും വൈകും സ്ഥാനാർത്ഥിക്ക്. സ്വീകരണകേന്ദ്രങ്ങളിൽ മിക്കപ്പോഴും വൈകുന്നുവെന്ന പരാതിയുണ്ടെങ്കിലും സ്ഥാനാർത്ഥി എത്തുമ്പോൾ പ്രവർത്തകർ എല്ലാം മറക്കുന്നു. ഇന്നലെ രാവിലെ എരിയാലിൽ എത്തിയതിന് ശേഷമാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങൾ നിശ്ചയിച്ചത്. സി ടി അഹമ്മദലിയുടെയും കോൺഗ്രസ് നേതാവ് ആർ ഗംഗാധരനും പ്രസംഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി ചൗക്കിയിൽ എത്തിയത്. കച്ചവടക്കാരും തൊഴിലാളികളും യാത്രക്കാരും ഉൾപ്പെടെയുള്ളവരോട് നേരിൽ കണ്ടു വോട്ട് ചോദിച്ച ശേഷം ചെറിയ വാക്കുകളിൽ പ്രസംഗം.ഓരോരുത്തരെയും നേരിൽ കണ്ടു സഹായം അഭ്യർത്ഥിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പ്രയാണം.

****************************************************

മൊഗ്രാൽ , മധൂർ പഞ്ചായത്തുകളും കാസർകോട് മുൻസിപ്പാലിറ്റി വാർഡും ഒത്തുചേരുന്ന കേളുഗുഡെ ഗ്രാമം.ഇവിടെ അയ്യപ്പ ഭജന മന്ദിരത്തിന് മുന്നിൽ രാവിലെ മുതൽ വലിയ ആൾക്കൂട്ടം. താമര ചിഹ്നമുള്ള കാവിഷാളുമായി ബി ജെ പി പ്രവർത്തകർ ഒത്തുകൂടുന്നു. എൻ ഡി എ യുടെ വലിയ കാരവൻ എത്തിയതോടെ പൊതുയോഗം തുടങ്ങി.

യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, മണ്ഡലം പ്രസിഡന്റ് പി ആർ സുനിൽ എന്നിവരുടെ തീപ്പൊരി പ്രസംഗം. പാർട്ടി നേതാക്കളായ പി രമേശൻ, സഞ്ജീവ ഷെട്ടി, യോഗേഷ്, പ്രമീള മജൽ, ഉമേഷ് കടപ്പുറം, പഞ്ചായത്ത് മെമ്പർ സൗമ്യ എന്നിവരും വേദിയിൽ. തൊട്ടടുത്ത വീട്ടിലുള്ള രോഗബാധിതനായ പാർട്ടി പ്രവർത്തകനെ സന്ദർശിച്ച് സ്ഥാനാർത്ഥി അഡ്വ. കെ . ശ്രീകാന്ത് അപ്പോഴേക്കും എത്തി. കേളുഗുഡെയിലെ മാലിന്യപ്രശ്നവും അതിനെതിരെ തന്റെ നേതൃത്വത്തിൽ ബി ജെ പി നടത്തിയ പോരാട്ടം വിജയംകണ്ടതും ഓർമ്മപെടുത്തിയായിരുന്നു ശ്രീകാന്ത് തുടങ്ങിയത്. കാസർകോടിനെ മാലിന്യക്കുപ്പയാക്കി ലീഗ് മാറ്റിയെന്ന് മൂർച്ചയേറിയ പരിഹാസം. വിജയരഥത്തിൽ കയറി കൈ വീശി അടുത്ത സ്വീകരണ കേന്ദ്രമായ എരിയാൽ ജംഗ്ഷനിലേക്ക് പ്രയാണം. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിലായിരുന്നു പിന്നീട്. വൈകിട്ട് ചൗക്കിയിൽ നിന്ന് തുടങ്ങി നെല്ലിക്കുന്നിൽ സമാപിച്ച റോഡ് ഷോയും ആവേശം ജനിപ്പിക്കുന്നതായി.

***************************************************

രണ്ടാംഘട്ട പൊതുപര്യടനം പൂർത്തിയാക്കിയ ഇടതുമുന്നണി സ്ഥാനാർത്ഥി എം. എ. ലത്തീഫ് ഇന്നലെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ എന്നിവരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു. രാവിലെ എട്ടിന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ആരംഭിച്ച പര്യടനം വൈകുന്നേരം കുമ്പഡാജെ പഞ്ചായത്തിലെ കുടുംബ സംഗമത്തോടെയാണ് സമാപിച്ചത്.

മൊഗ്രാൽ പുത്തൂരിൽ എത്തിയ സ്ഥാനാർത്ഥി കുടുംബവീടുകൾ സന്ദർശിച്ചു വോട്ട് ചോദിച്ചു. ഐ എൻ എൽ ജില്ല സെക്രട്ടറി അസീസ് കടപ്പുറം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ, ഫായിസ് എരിയാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കാസർകോട് ടൗൺ ഹാൾ പരിസരത്തെ ബന്ധുവീട്ടിലും സ്ഥാനാർത്ഥിയെത്തി. കാസർകോട് മഡോണ ചർച്ചിൽ സ്ഥാനാർത്ഥി എത്തുമ്പോൾ ദുഃഖവെള്ളിയാഴ്ചയുടെ പ്രാർത്ഥന ചടങ്ങുകൾ നടക്കുകയായിരുന്നു. പിന്നീട് കാസർകോട് നഗരത്തിലെ തന്നെ ഫാത്തിമ ഹോസ്പിറ്റൽ, അരമന ഹോസ്പിറ്റൽ തുടങ്ങിയവ സന്ദർശിച്ചു'എൽ ഡി എഫിന്റെ കാസർകോട്ടെ സ്ഥാനാർത്ഥിയാണ്. ഫുട്‌ബോൾ ആണ് ചിഹ്നം. എനിക്ക് വോട്ട് ചെയ്യണം. സുഹൃത്തുക്കളോട് വോട്ട് ചെയ്യാൻ പറയണം..' താഴ്മയോടെയുള്ള അഭ്യർത്ഥന. ഉച്ചയ്ക്ക് തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദിൽ ജുമാ നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം തളങ്കരയിലും പരിസരങ്ങളിലുമുള്ള വോട്ടർമാരെ കണ്ടു. നാല് മണിയോടെ ചെർക്കളയിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ വൃന്ദ കാരാട്ടിന്റെ പരിപാടിയ്ക്ക് ശേഷം കുമ്പഡാജെയിലെ കുടുംബസംഗമത്തിലും ലത്തീഫ് എത്തി.