കാഞ്ഞങ്ങാട്: ടൗണിൽ എം.ഡി.എക്സ് ലാബിനു സമീപത്തെ ട്രാൻസ്ഫോർമറിനു തീ പടർന്നത് പരിഭ്രാന്തി പടർത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ട്രാസ്ഫോർമർ സ്ഥാപിച്ചിരുന്ന ഭിത്തിയുടെ അടിഭാഗത്തു നിന്നാണ് ആളിക്കത്തിയത്. കച്ചവടക്കാരും നാട്ടുകാരും മറ്റും ചേർന്ന് മണൽ വിതറി തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു അഗ്നിശമനസേനയെത്തി ഫോം കലർത്തിയ ലായിനി തെളിച്ചാണ് തീയണച്ചത്. ഇതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തീയണച്ചശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു കഴിഞ്ഞാണ് അഗ്നി ശമന സേന മടങ്ങിയത്. വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അൽപം വൈകിയെങ്കിൽ ട്രാൻസ്ഫോർമറടക്കം പൂർണമായും കത്തി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായേനെ. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് കരുതുന്നു. സമീപത്തെ മരത്തിന്റെ ഉണങ്ങിയ ഇലയും പൂക്കളും വീണതിനു മുകളിൽ ട്രാൻസ്ഫോർമറിന്റെ ഓയിൽ വീണതും തീ ആളിപടരാൻ കാരണമായി. കൂടാതെ ഇതിനു സമീപത്തായി മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലും ഉണ്ട്.