കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടിയുടെ ഭാഗമായാണ് നൂറുകണക്കിനാളുകൾ ഒത്തുചേരുന്ന കൊട്ടിക്കലാശം പരിപാടികൾ നിരോധിച്ചുകൊണ്ട് കമ്മീഷൻ ഉത്തരവിട്ടത്. ഇതുപ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടികളും കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.