കാസർകോട്: വികസന മുരടിപ്പിൽ നിന്ന് കാസർകോടിനെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് കാസർകോട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ. ശ്രീകാന്ത് പ്രകാശനം ചെയ്ത പ്രകടനപത്രിക. അടുത്ത അഞ്ച് വർഷം സമസ്ത മേഖലയിലും വികസനമുണ്ടാക്കുമെന്ന് കാസർകോട് പ്രസ് ക്ലബിൽ പത്രിക പുറത്തിറക്കി ശ്രീകാന്ത് പറഞ്ഞു. 5000 കോടിയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കും. മത്സ്യ തൊഴിലാളികൾ നേരിടുന്ന രൂക്ഷമായ കടലാക്രമണത്തെ ചെറുക്കുന്നതിന് വേണ്ടി കടൽഭിത്തി നിർമ്മിക്കുന്നതിന് വേണ്ടി പ്രയത്നിക്കും, തീരദേശ മേഖല ദീർഘകാലമായി അനുഭവിക്കുന്ന ഭൂമി പ്രശ്നവും പട്ടയപ്രശ്നവും പരിഹരിക്കും, പയസ്വിനിപുഴയിൽ ചെക്ക് ഡാം നിർമ്മിച്ച് കാറഡുക്ക പഞ്ചായത്തിലും നഗരസഭാ പരിധിയിലും കുടിവെള്ളം ലഭ്യമാക്കും. പ്രധാനമന്ത്രിയുടെ ജൽജീവൻ മിഷൻ പ്രകാരമുള്ള കുടിവെള്ള പദ്ധതി ജനങ്ങളിലേക്കെത്തിക്കും, മണ്ഡലത്തിലെ ഉൾഭാഗങ്ങളടക്കമുള്ള എല്ലാ റോഡുകളും പുനർനിർമ്മിച്ച് ഉന്നതനിലവാരത്തോടു കൂടി സഞ്ചാരയോഗ്യമാക്കും, പിന്നാക്കജില്ല എന്ന പേര് മാറ്റുന്നതിന് തൊഴിലധിഷ്ഠിത കോഴ്സുകളോടുകൂടിയ കോളേജുകൾ നിർമ്മിക്കുന്നതിന് മുൻകൈയെടുക്കും, സംരക്ഷിത വനമേഖലയോടു ചേർന്നു നിൽക്കുന്ന പഞ്ചായത്തിലെ കർഷകർ അനുഭവിക്കുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തിന് വനം വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിക്കും, കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധ സമിതിയുമായി ആലോചിച്ച് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും, അടയ്ക്ക, കുരുമുളക്, കശുവണ്ടി, തെങ്ങ്, കൊക്കോ എന്നീ വിളകൾക്ക് വിപണി ഉണ്ടാക്കുന്നതിനും കൃഷിക്ക് വേണ്ടിയുള്ള ജലസേചന പദ്ധതി പ്രാവർത്തികമാക്കാനും പ്രയത്നിക്കും. എൻഡോസൾഫാൻ ദുരിതബാധിതരിൽ അവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കും, ആരോഗ്യമേഖലയിൽ ജനങ്ങൾ നേരിടുന്ന ചികിത്സാ ദൗർഭല്യം പരിഹരിക്കുന്നതിന് സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രികൾ സ്ഥാപിക്കും, പി.എസ്.സി പരീക്ഷകളിൽ പ്രാദേശിക തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ഉദ്യോഗം ലഭിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ

ഉറപ്പുകളാണ് പ്രകടനപത്രികയിൽ. ബി.ജെ.പി നേതാക്കളായ സുധാമ ഗോസാഡ, അഡ്വ. സദാനന്ദ റൈ, രാമപ്പ എന്നിവരും പങ്കെടുത്തു.