sudhakaran

കണ്ണൂർ: നൊണയും നൊട്ടയും പറഞ്ഞ് സമയം കളയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരം കുറഞ്ഞ മുഖ്യമന്ത്രിയെ അഞ്ചുകൊല്ലം ചുമക്കേണ്ടി വന്ന കേരളീയർക്ക് മറുപടി പറയേണ്ട അവസരമാണിത്.

കള്ളം പറഞ്ഞ് അത് പ്രചരിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ പ്രധാന ജോലി. പാർട്ടിക്കാരിൽ നിന്നു തന്നെ അദ്ദേഹം അകന്നു പോവുകയാണ്. സി.പി.എമ്മിന്റെ എത്ര നേതാക്കൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. ഉള്ളിൽ തട്ടി കൂറുള്ള ഒരാളെങ്കിലും കൂടെയുണ്ടെന്ന് പറയാനാവുമോ. മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഇ.പി ജയരാജൻ മുഖ്യമന്ത്രിയെ കുറിച്ച് പരിഹാസത്തോടെയല്ലേ പ്രതികരിച്ചത്. പി. ജയരാജനെ ഒതുക്കാൻ എന്തൊക്കെ വിദ്യയാണ് പിണറായി പ്രയോഗിക്കുന്നത്. ജയരാജന്റെ സ്ഥാനം ഭൂരിപക്ഷം സി.പി.എമ്മുകാരുടെയും മനസിലാണെന്നും സുധാകരൻ പറഞ്ഞു. താനും മരുമകനും മതിയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.

മുഖം നന്നാവാത്തതു കൊണ്ട് കണ്ണാടി പൊളിച്ചിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവിനെതിരെ കള്ളം പറയാൻ പിണറായിക്ക് എന്തവകാശം. ആഴക്കടൽ മത്സ്യബന്ധനം, സ്പ്രിംഗ്ളർ, സ്വപ്ന സുരേഷുമായുള്ള ബന്ധം തുടങ്ങിയവയിലൊക്കെ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ പ്രത്യേക വിമാനത്തിൽ മട്ടന്നൂരിലെത്തിയ അദാനി രാത്രിയാണ് തിരിച്ചുപോയത്. കെ.എസ്.ഇ.ബിയിലെ കരാറുമായി ബന്ധപ്പെട്ട പാരിതോഷികമായ പണം കൈമാറാനാണോ വന്നത്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയോ? കേരളീയ സമൂഹത്തിന് അറിയാൻ അവകാശമുണ്ട്. പദവിക്കൊത്ത ഔന്നത്യം കാണിക്കാൻ പിണറായി വിജയൻ തയ്യാറാവണം.

കള്ളവോട്ട് ചെയ്യുന്ന സി.പി.എമ്മുകാരെ കോടതി കയറ്റുമെന്ന കാര്യത്തിൽ തർക്കമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ വരെയുള്ള സമയം ഇതിനു വേണ്ടി ഉപയോഗിക്കും. കള്ളവോട്ട് കണ്ടുപിടിച്ചതും അതിനു വേണ്ടി നൂതനമായ പരീക്ഷണം നടത്തുകയും ചെയ്യുന്നത് സി.പി.എമ്മാണെന്നും സുധാകരൻ പറഞ്ഞു.