pinarayi-vijayan

കണ്ണൂർ: ആളുകൾ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കേണ്ടെന്നും അങ്ങനെ പലതും അവർ വിളിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിക്കു പിണറായി ക്യാപ്ടനല്ല, സഖാവാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്.

ഇവിടെ ഒരു സീറ്റിൽപോലും ജയിക്കും എന്ന് ഉറപ്പില്ലാത്ത പാർട്ടിയാണ് ബി.ജെ.പി. എന്നിട്ടും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജമായ പ്രചാരണമാണ് നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നരേന്ദ്രമോദി കേരളത്തെ വിശേഷിപ്പിച്ചത് സോമാലിയയോടായിരുന്നു. പ്രധാനമന്ത്രി പറഞ്ഞത് എങ്ങനെയും തോൽപ്പിക്കണം എന്നാണ്.

കഴിഞ്ഞ തവണ യു.ഡി.എഫിന്റെ സഹായത്താൽ നേമത്ത് തുറന്ന അക്കൗണ്ട് എൽ.ഡി.എഫ് ക്ലോസ് ചെയ്യും. കഴിഞ്ഞ തവണ നേടിയ വോട്ടുപോലും അവർക്ക് ഇത്തവണ കിട്ടില്ല. ഇതാണ് ബി.ജെ.പി നേരിടാൻ പോകുന്ന അവസ്ഥയെന്ന് അഖിലേന്ത്യാ നേതൃത്വം മനസിലാക്കുന്നത് നല്ലതാണ്.