കണ്ണൂർ:സി.പി.എമ്മിൽ താനും മരുമകനും മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കൂടെയുള്ളവരെ മുഴുവൻ മൂലയ്ക്കിരുത്തിയാണ് പിണറായി മുന്നേറുന്നത്. എത്ര നേതാക്കൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. കൂറുള്ള ഒരാളെങ്കിലും കൂടെയുണ്ടെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോ. മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഇ.പി. ജയരാജൻ മുഖ്യമന്ത്രിയെക്കുറിച്ച് പരിഹാസത്തോടെയല്ലേ പ്രതികരിച്ചത്. പി.ജയരാജനെ ഒതുക്കാൻ എന്തൊക്കെ വിദ്യയാണ് പിണറായി പ്രയോഗിക്കുന്നത്. പാർലമെന്റിൽ തോറ്റവർക്ക് സീറ്റില്ലെന്നു പറഞ്ഞ് ജയരാജനെ ഒതുക്കിയ പിണറായി പാർലമെന്റിൽ തോറ്റ നാലുപേർക്ക് സീറ്റു നൽകിയില്ലേ. ജയരാജന്റെ സ്ഥാനം ഭൂരിപക്ഷം സി.പി.എമ്മുകാരുടെയും മനസിലാണെന്നും, തോമസ് ഐസക്, ജി.സുധാകരൻ ഇവരൊക്കെ പിണറായിയുടെ കൂടെയുണ്ടോയെന്നു വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.