കാസർകോട്: മദ്രസാ അദ്ധ്യാപകനായിരുന്ന കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരവേളയിൽ ഹാജരാകാതിരുന്ന പ്രതിഭാഗം സാക്ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാദിഭാഗത്തെ മുഴുവൻ സാക്ഷികളെയും പ്രതിഭാഗത്തെ മറ്റ് സാക്ഷികളെയും വിസ്തരിച്ചെങ്കിലും പ്രതിഭാഗത്തെ സാക്ഷികളിൽ ഒരാളായ ക്ഷേത്രഭാരവാഹി മാത്രം ഹാജരായില്ല. മൂന്ന് തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ ഈ സാക്ഷിക്കെതിരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നോട്ടീസയക്കുകയായിരുന്നു.
ക്ഷേത്രം ഭാരവാഹി സ്ഥലത്തില്ലെന്നാണ് പ്രതിഭാഗം കോടതിയെ ധരിപ്പിച്ചത്. കേസ് തുടർനടപടികൾക്കായി ഏപ്രിൽ 12ലേക്ക് മാറ്റിവച്ചു. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് റിയാസ് മൗലവി വധക്കേസിലെ പ്രതികൾ. കേസിന്റെ വിചാരണ ജില്ലാ കോടതിയിൽ പൂർത്തിയായിരുന്നു. ക്ഷേത്രം ഭാരവാഹി ഹാജരാകാത്തതിനാൽ സാക്ഷിവിസ്താരം പൂർത്തിയാക്കാനാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാൽ മാത്രമേ കേസിൽ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കാനാവുകയുള്ളൂ. 2017 മാർച്ച് 21ന് പുലർച്ചെയാണ് മൂന്നംഗസംഘം റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.