മാഹി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗ്ദാനങ്ങളുടെ പെരുമഴക്കാലത്തും സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും പട്ടികജാതി വിഭാഗത്തിലെ മലയൻ, പറയൻ സമുദായങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
വർഷങ്ങളായി മയ്യഴിയിൽ താമസിച്ചു പോരുന്നതിനുള്ള സർക്കാർ രേഖകളായ ആധാർ കാർഡ്, റേഷൻ കാർഡ്, റസിഡൻസി തുടങ്ങിയവയെല്ലാം ഇവർക്കുണ്ട്. 2002-03 കാലഘട്ടം വരെ പുതുശ്ശേരി പട്ടികജാതി പട്ടികയിൽ ഉൾപ്പെട്ട സർക്കാർ അംഗീകരിച്ച പറയൻ സമുദായത്തിലെ 100ൽ കുറഞ്ഞ ആളുകളെ 2003 നു ശേഷം കോടതി വിധിയുടെ പേരുപറഞ്ഞ് പട്ടികജാതിയിൽ നിന്നും എടുത്തു മാറ്റിയിരിക്കുകയാണ്. ഇവർക്ക് ജോലി സംവരണം, വിദ്യാഭ്യാസ ആനുകൂല്യങ്ങളടക്കം ലഭിച്ചിരുന്നു.

കുടിയേറ്റ വിഭാഗ പട്ടികജാതിക്കാരായാണ് ഇവരെ ഇപ്പോൾ പരിഗണിക്കുന്നത്. സർക്കാർ ആനുകൂല്യങ്ങൾ ഒക്കെയും നിഷേധിക്കപ്പെട്ട, പറയൻ- മലയ വിഭാഗക്കാരായ പട്ടികജാതിക്കാരുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടികൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ്, ഒരു പാർട്ടിയും, സ്ഥാനാർത്ഥികളും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. 'എന്താ ഞങ്ങൾ മയ്യഴിക്കാരല്ലേ"യെന്നാണ് ഇവരുടെ ചോദ്യം. വോട്ടു രേഖപ്പെടുത്താൻ മാത്രം വിധിക്കപ്പെട്ടവരാണോ മയ്യഴിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ?
ജാതിയല്ലാ ജാതിക്കാരായി സർക്കാർ പറയുന്ന ഞങ്ങൾ എന്തിനു വോട്ടുകൾ ചെയ്യണമെന്നാണ് ഇവർ ചോദിക്കുന്നത്.
മയ്യഴിയിലെ അടിത്തട്ടിൽ ജീവിക്കുന്ന ഇവരിൽ പലരും സർക്കാർ അനുവദിച്ചു നൽകിയ ധർമ്മശാലയിലും, പിന്നീട് പട്ടയം കിട്ടിയ കോളനികളിലുമാണ് താമസിച്ചു വരുന്നത്. ഇതേ സമുദായത്തിൽപ്പെട്ടവർ തൊട്ടപ്പുറം കേരളത്തിൽ പട്ടികജാതി സംവരണാനുകൂല്യങ്ങൾ മുഴുവൻ അനുഭവിക്കുമ്പോൾ, മാഹിയിൽ ഇവർ സവർണ്ണർക്കും മീതെയാണ്. സംവരണ പട്ടികയിൽ എവിടെയും ഇവർ രേഖപെടുത്തപ്പെട്ടിട്ടില്ല.