rahul
RAHUL

ആലക്കോട് (കണ്ണൂർ): ഇടതുപക്ഷത്തെക്കുറിച്ച് കൂടുതൽ പറഞ്ഞ് സമയം കളയാനില്ലെന്ന് രാഹുൽ ഗാന്ധി. മൂന്ന് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. ഐക്യവും സ്‌നേഹവും സാഹോദര്യവുമാണ് യു.ഡി.എഫിന്റേത്. എൽ.ഡി.എഫും ആർ.എസ്.എസും സമൂഹത്തിൽ വിദ്വേഷവും പകയും പടർത്തുകയാണ്. ഒന്ന് രാജ്യത്തെ വിഭജിക്കുന്നതും മറ്റൊന്ന് കേരളത്തെ വിഭജിക്കുന്നതുമായ രാഷ്ട്രീയമാണ്.

യു. ഡി. എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആലക്കോട് അരങ്ങം ശിവക്ഷേത്ര മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി എഫ് അക്രമത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ മറ്റു രണ്ട് പാർട്ടികളും അക്രമത്തിലൂന്നിയാണ് പ്രവർത്തിക്കുന്നത്. ഇവർക്കെതിരായുള്ള ആശയ പോരാട്ടത്തിനിടെ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. സ്വന്തം ഭർത്താവിനെ നഷ്ടപ്പെട്ട ഒരാളാണ് വടകരയിൽ യു. ഡി. എഫ് പിന്തുണയോടെ മത്സരിക്കുന്നത്. അവർ ഇടതു പക്ഷക്കാരായിരുന്നു.എന്നിട്ടും കൊലക്കത്തിക്കിരയായി. വിദ്വേഷത്തെ സ്‌നേഹം കൊണ്ടും അക്രമത്തെ സമാധാനം കൊണ്ടും യു.ഡി.എഫ് നേരിടും. യു.ഡി.എഫ് വിജയിച്ചാൽ വിപ്ലവകരമായ നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.