ഇരിട്ടി: വീരാജ്‌പേട്ടയിൽ അന്തർസംസ്ഥാന വാഹന മോഷണക്കേസിൽ ആലക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ആലക്കോട് മണക്കടവ് ചീക്കാട് സ്വദേശി കൊല്ലക്കുന്നേൽ വീട്ടിൽ എസ്. ശരൺ (25 ) ആണ് അറസ്റ്റിലായത്. വീരാജ്‌പേട്ട ബിട്ടങ്കാല സ്വദേശി കെ.എൻ. ഗോപാലകൃഷ്ണൻ ഗജന്റെ മാരുതി ഓമ്നി വാൻ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലാകുന്നത്. വീടിനു സമീപം നിർത്തിയിട്ടശേഷം ഉടമ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു ഓമ്നി വാൻ മോഷണം പോയത്. വാഹന ഉടമ ഇത് സംബന്ധിച്ച് വീരാജ്‌പേട്ട പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ വീരാജ്‌പേട്ടയിലും സമീപ പ്രദേശികളിലുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകളിലും കേരളത്തിലും കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ മനസ്സിലായി.