കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാക്കുന്നതിന് കർശന നിർദ്ദേശങ്ങളുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർക്കും പോളിംഗ് ഓഫീസർമാർക്കും എഴുതിയ കത്തിലാണ് സഹായി വോട്ട്, കള്ളവോട്ട്, ആൾമാറാട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പോളിംഗ് ബൂത്തിൽ വോട്ടിംഗ് പ്രക്രിയ സുഗമവും നീതിയുക്തമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട പൂർണ്ണ ഉത്തരവാദിത്വം പ്രിസൈഡിംഗ് ഓഫീസർക്കാണെന്ന് കത്തിൽ ഓർമിപ്പിച്ചു.
സഹായി വോട്ടുകൾ കർശനമായി നിരീക്ഷിക്കുക, മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ, നാട്ടിൽ ഇല്ലാത്തവർ (എ.എസ്.ഡി പട്ടിക) എന്നിവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വോട്ടുകൾ പ്രത്യേകം പരിശോധിക്കുക, ആൾമാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയ കാര്യങ്ങൾ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിലെ വിവിധ ബൂത്തുകളിൽ മൈക്രോ ഒബ്‌സെർവർമാരെയും അസിസ്റ്റഡ് വോട്ട് മോണിറ്റർമാരെയും നിയോഗിച്ചിട്ടുണ്ടെന്നും കത്തിൽ ജില്ലാ കളക്ടർ വ്യക്തമാക്കി.
അവശരായ വോട്ടർക്കുള്ള സഹായിയെ അനുവദിക്കുമ്പോൾ വോട്ടർ ബാലറ്റ് യൂണിറ്റിലെ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ നേരെയുള്ള ബട്ടൺ അമർത്തുവാൻ പ്രാപ്തിയുള്ള ആളാണെങ്കിൽ വോട്ടിംഗ് കമ്പാർട്ട്‌മെന്റിന് അടുത്ത് വരെ വോട്ടറെ എത്തിക്കാൻ മാത്രമേ സഹായിയെ അനുവദിക്കാവൂ. വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ വോട്ടറെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത്തരം കേസുകളിൽ പ്രിസൈഡിംഗ് ഓഫീസർമാർ തീരുമാനം എടുക്കണം.
സഹായിയെ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാൻ എത്തുന്നവരുടെ വിവരങ്ങൾ പ്രിസൈഡിംഗ് ഓഫീസർ ഫോറം 14എയിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ചട്ടം 49എൻ (2) പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ബാലറ്റ് യൂണിറ്റിലെ വോട്ട് ബട്ടൺ അമർത്തുവാൻ ഒട്ടും പ്രാപ്തിയില്ലാത്ത വോട്ടർമാരോടൊപ്പം വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ പ്രവേശിച്ച സഹായിയുടെ വിവരങ്ങൾ മാത്രമാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്.
മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ
എ.എസ്.ഡി ലിസ്റ്റിൽ ഉൾപ്പെട്ട മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ, നാട്ടിൽ ഇല്ലാത്തവർ എന്നീ വോട്ടർമാരുടെ വിവരങ്ങൾ പ്രിസൈഡിംഗ് ഓഫീസർക്ക് പ്രത്യേകം ലഭ്യമാക്കും. ഈ ലിസ്റ്റിൽ ഉൾപ്പെട്ട വോട്ടർമാർ വോട്ട് ചെയ്യാൻ ഹാജരാകുന്ന പക്ഷം തിരിച്ചറിയൽ രേഖകൾ പ്രിസൈഡിംഗ് ഓഫീസർ തന്നെ പരിശോധിക്കേണ്ടതും അത് സംബന്ധിച്ച വിവരങ്ങൾ ഫോം 17എയിൽ രേഖപ്പെടുത്തേണ്ടതുമാണ്.
ആൾമാറാട്ടത്തിനെതിരെ കർശന നടപടി
മാസ്‌ക്, ശരീരം മൂടിയുള്ള വസ്ത്രം എന്നിവ ദുരുപയോഗം ചെയ്ത് ആൾമാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് കണ്ടെത്തിയാൽ കുറ്റക്കാരെ നിയമാനുസൃതം പൊലീസ് അധികൃതർക്ക് കൈമാറുന്നതിനുള്ള നടപടികൾ പ്രിസൈഡിംഗ് ഓഫീസർമാർ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ കത്തിൽ വ്യക്തമാക്കി. നിഷ്പക്ഷവും ആവശ്യമായ ഘട്ടങ്ങളിൽ ശക്തവുമായ നിലപാട് പ്രിസൈഡിംഗ് ഓഫീസറുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.