pinarayi
കണ്ണൂർ ധർമ്മടം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പെരളശ്ശേരിയിലെത്തിയപ്പോൾ. സിനിമാ താരങ്ങളായ ഹരിശ്രീ അശോകൻ ഇന്ദ്രൻസ് തുടങ്ങിയവർ ഒപ്പം.

കണ്ണൂർ: തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശമില്ലെങ്കിലും ആവേശം തെല്ലും കുറവുണ്ടായില്ല . ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോയായിരുന്നു സമാപനദിനത്തിൽ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാന വിശേഷം.

പെരളശേരിയിൽ നിന്നു തുടങ്ങിയ റോഡ് ഷോ പിണറായിയിൽ സമാപിച്ചു. ചലച്ചിത്ര നടന്മാരായ പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, മധുപാൽ , സി.പി. ഐ നേതാവ് സി. എൻ. ചന്ദ്രൻ, സി.പി എം ജില്ലാ സെക്രട്ടറി എം.വി..ജയരാജൻ തുടങ്ങിയവർ റോഡ് ഷോയിൽ അണിനിരന്നിിരുന്നു. നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി.

യു.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കണ്ണൂർ നഗരത്തിൽ റോഡ് ഷോയുണ്ടായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.. സുധാകരൻ, ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി..കെ.. അബ്ദുൾഖാദർ മൗലവി, ടി. ഒ. മോഹനൻ, മാർട്ടിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്​ഥാന തല പര്യടനത്തിനുശേഷം ജില്ലയിൽ തിരിച്ചെത്തി ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ കേന്ദ്രമെന്ന നിലയിൽ പ്രതിപക്ഷവും പ്രചാരണത്തിന്റെ പ്രധാന കേന്ദ്രമായി കണ്ണൂരിനെ മാറ്റി. ബിജെ.പി സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ പത്രിക തള്ളിയതോടെ തലശേരി ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫിനൊപ്പം ഓടിയെത്താൻ പ്രയാസപ്പെട്ട യു.ഡി.എഫിന് പ്രചാരണം തീരുന്നതിന്റെ തലേ ദിവസം രാഹുൽ ഗാന്ധി റോഡ് ഷോയുമായി എത്തിയത് ആവേശം പകർന്നു.

നേതാക്കൾ കളം നിറഞ്ഞ പ്രചാരണരംഗം

മുൻതിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ദേശീയ നേതൃത്വം നേരിട്ടിറങ്ങി പ്രചാരണം കൊഴുപ്പിക്കുന്ന കാഴ്ചയായിരുന്നു ഇക്കുറിയുണ്ടായത്. കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ..പി. നദ്ദ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ​പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ്​ കാരാട്ട്​ , വൃന്ദ കാരാട്ട് , കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി..കെ. കുഞ്ഞാലിക്കുട്ടി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ വിവിധ ഘട്ടങ്ങളിലായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ സജീവമായി. കണ്ണൂരിനെ ഇളക്കിമറിച്ച് ശനിയാഴ്ച രാഹുൽഗാന്ധി നടത്തിയ റോഡ് ഷോ യു.ഡി.എഫിനെയും ആവേശത്തിലാഴ്ത്തി.