കണ്ണൂർ: മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്പിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സി.പി.എം പിന്തുണ നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനായി യു.ഡി.എഫുമായി നീക്കുപോക്കിന് സി.പി.എം തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിനെതിരെ നേമത്തടക്കം ശക്തനായ സ്ഥാനാർത്ഥിയെയാണ് യു.ഡി.എഫ് നിറുത്തിയത്. എന്നാൽ, മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഇയാൾ ആർ.എസ്.എസുകാരനായ സ്വർണവ്യാപാരിയുമായി അടുത്ത ബന്ധമുള്ളയാളാണ്. സി.പി.എം-ആർ.എസ്.എസ് അന്തർധാര സജീവമാണ്.
ധർമ്മടത്ത് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടന്ന കലാപരിപാടി ലക്ഷങ്ങളുടെ ധൂർത്താണ്. 200 കോടി രൂപയാണ് പിണറായി വിജയൻ പി.ആർ വർക്കിനായി ചെലഴവിച്ചത്. ക്യാപ്ടനെന്ന് പിണറായിയെ വിളിച്ചതും പി.ആർ ഏജൻസിയാണ്. എസ്.ഡി.പി.ഐയുമായി 72 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പ്രാദേശിക നീക്കുപോക്ക് നടത്തിയിട്ടുണ്ട്.
മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐയുടെയും തലശ്ശേരിയിൽ ബി.ജെ.പിയുടെയും വോട്ടുകൾ യു.ഡി.എഫിന് ആവശ്യമില്ല.
മുഖ്യമന്ത്രിയുടേത് വിടവാങ്ങൽ പ്രസംഗം
ക്യാപ്ടനെതിരെ പി. ജയരാജൻ പറഞ്ഞത് മാറ്റിപ്പറയാൻ കാരണം രണ്ടുകാലിൽ നടക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ്. ജയരാജന്റെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്നും മുല്ലപള്ളി പറഞ്ഞു. കണ്ണൂരിൽ തിരഞ്ഞെടുപ്പ് സംവാദ പരിപാടി മുഖ്യമന്ത്രിയുടെ വിടവാങ്ങൽ പ്രസംഗമാണെന്നും അദ്ദേഹത്തിന്റെ ശരീരഭാഷ വിഭാഗീയതയുടെ തുറന്നുപറച്ചിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.