കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലായി 10,59,967 വോട്ടർമാർ സമ്മതിദാനാവകാശ ലിസ്റ്റിൽ.1591 ബൂത്തുകളാണ് ജില്ലയിൽ സജ്ജമാക്കിയത്. 983 മെയിൻ ബൂത്തുകളും 608 ഓക്സിലറി ബൂത്തുകളുമുൾപ്പെടെയാണിത്.
ഇതിന് പുറമേ ബൂത്തുകളിൽ കൊവിഡ് 19 പ്രോട്ടോക്കാൾ ഉറപ്പാക്കുന്നതിന് അംഗണവാടി പ്രവർത്തകരെയും ആശാവർക്കർമാരെയും നിയോഗിച്ചിട്ടുണ്ട്. എ.എസ്.ഡി ലിസ്റ്റിൽ ഉൾപ്പെട്ട വോട്ടർമാർ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 31 പ്രകാരമുള്ള സത്യപ്രസ്താവന സമർപ്പിക്കണം. ജില്ലയിൽ എ.എസ്.ഡി ലിസ്റ്റിൽ 13709 പേരാണുള്ളത്. മഞ്ചേശ്വരം 1856, കാസർകോട് 2607, ഉദുമ 2361, കാഞ്ഞങ്ങാട് 3987, തൃക്കരിപ്പൂർ 2898 എന്നിങ്ങനെയാണ് ഓരോ മണ്ഡലം തിരിച്ച് എ.എസ്.ഡി ലിസ്റ്റിലുള്ളവർ.
കാസർകോട്
ആകെ 10,59,967
പുരുഷന്മാർ 518501
സ്ത്രീകൾ 5,41,460
ഭിന്നലിംഗം 6
ഇരട്ടവോട്ടിനെ പൂട്ടാൻ
ഇരട്ട വോട്ട് തടയാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ല പൊലീസ് മേധാവി വി. ബി രാജീവ് എന്നിവർ അറിയിച്ചു. ഇതു സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിംഗ് സ്‌റ്റേഷുകൾക്ക് മുന്നിലും പ്രദർശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക പരിശോധിച്ച് സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും സ്ഥലം മാറിപ്പോയ വോട്ടർമാരുടെയും എ.എസ്.ഡി (ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റ് തയ്യാറാക്കി റിട്ടേണിംഗ് ഓഫീസർമാർ മുഖേന തുടർനടപടികൾക്കായി പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും. എ.എസ്.ഡി ലിസ്റ്റിൽ ഉൾപ്പെട്ട വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ എത്തിയാൽ അവരുടെ ഫോട്ടോയെടുത്ത് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും.