കണ്ണൂർ: നിയമസഭയിലേക്ക് നാളെ നടക്കുന്ന വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ്. ജില്ലയിലെ 3137 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടപടികൾ തൽസമയം നിരീക്ഷിക്കാൻ കഴിയുന്ന വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലെയും വോട്ടെടുപ്പ് തൽസമയം നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വൻ സന്നാഹത്തോടെ വിശാലമായ കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ഏക ജില്ലയാണ് കണ്ണൂർ. ഹൈ സ്പീഡ് ഇന്റർനെറ്റാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളിൽ നടക്കുന്ന കാര്യങ്ങളുടെ വ്യക്തയോടെയുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാകും. 131 ലാപ്‌ടോപ്പുകളാണ് ഇതിനായി കൺട്രോൾ റൂമിൽ ഒരുക്കിയിരിക്കുന്നത്. ഒരു ലാപ്‌ടോപ്പിന്റെ മോണിറ്ററിൽ 24 ബൂത്തുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരേസമയം നിരീക്ഷിക്കാനാവും. ഇതിനായി ഓരോ ലാപ്‌ടോപ്പിനും ഓരോ വ്യൂവിംഗ് സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളിൽ ക്രമവിരുദ്ധമായി വല്ലതും ശ്രദ്ധയിൽപ്പെട്ടാൽ അത് ജില്ലാ കളക്ടറെ അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
വെബ്കാസ്റ്റിംഗ് പ്രവർത്തനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ സത്വര പരിഹാരം കാണുന്നതിനും ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, കെൽട്രോൺ തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേക കൗണ്ടറുകളും കൺട്രോൾ റൂമിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണി മുതൽ വെബ്കാസ്റ്റിംഗ് ആരംഭിക്കും.
കെൽട്രോണിന്റെ സോഫ്റ്റ്‌വെയറാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. ബി.എസ്.എൻ.എൽ, അക്ഷയ, ഐ.ടി മിഷൻ, പൊലീസ്, ഐ.കെ.എം, അസാപ്പ്, പി.ഡബ്‌ള്യു.ഡി ഇലക്ട്രോണിക്സ്, നിർമിതി കേന്ദ്ര, കെ.എസ്.ഇ.ബി, എം.ജി.എൻ.ആർ.ഇ.ജി.എസ്, കുടുംബശ്രീ, കളക്ടറേറ്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ജില്ലയിൽ വെബ്കാസ്റ്റിംഗ് സംവിധാനം നടപ്പിലാക്കുന്നത്.
അസിസ്റ്റന്റ് കളക്ടർ ആർ. ശ്രീലക്ഷ്മി
പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ മുതൽ
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമഗ്രികളും ഇന്ന് രാവിലെ എട്ട് മണി മുതൽ വിതരണം ചെയ്യും. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുക.
പയ്യന്നൂർ എ.കെ.എസ് ജി.വി.എച്ച്.എസ്.എസ്, പയ്യന്നൂർ. കല്യാശേരി മാടായി ഗവ. ഐ.ടി.ഐ മാടായി. തളിപ്പറമ്പ് സർസയിദ് ഹയർ സെക്കൻഡറി സ്‌കൂൾ തളിപ്പറമ്പ്. ഇരിക്കൂർ ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ്. അഴീക്കോട് കൃഷ്ണമേനോൻ വനിത കോളേജ്, പളളിക്കുന്ന്. ധർമടം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, തോട്ടട. തലശ്ശേരി ബ്രണ്ണൻ കോളേജ്, തലശ്ശേരി. കൂത്തുപറമ്പ് നിർമലഗിരി കോളേജ്, കൂത്തുപറമ്പ്. മട്ടന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മട്ടന്നൂർ. പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിട്ടി. കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂൾ, കണ്ണൂർ എന്നിങ്ങനെയാണ് ജില്ലയിലെ മണ്ഡലം തല വിതരണ കേന്ദ്രങ്ങൾ.
11 മണ്ഡലങ്ങളിലെയും പോളിംഗ് ഉദ്യോഗസ്ഥരെ അതാത് പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിക്കുന്നതിനായി 1081 വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും.