jpd
കാസർകോട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ശ്രീകാന്ത് ജെ.പി.നഗർ ധൂമാവതി ഭഗവതിക്ഷേത്രത്തിൽ അനുഗ്രഹം തേടിയെത്തിയപ്പോൾ

കണ്ണൂർ/കാസർകോട്:നിയമസഭയിൽ തഴക്കം ചെന്നവരും പുതുമുഖങ്ങളുമടക്കമുള്ള സ്ഥാനാർത്ഥികളെല്ലാം പ്രചാരണം സമാപിച്ച ഇന്നലെ വൈകിട്ട് ഏഴുവരെ തിരക്കോടു തിരക്കിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ നാടിനെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കായി സമയം ചിലവിട്ടപ്പോൾ പുതുമുഖസ്ഥാനാർത്ഥികൾ മണ്ഡലത്തിലെ അവസാനവോട്ടറെയും നേരിൽ കണ്ട് സഹായമഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. മുൻകാലങ്ങളിൽ ചെറിയതോതിൽ അക്രമത്തിലേക്ക് വരെ എത്തുന്ന കൊട്ടിക്കലാശം ഒഴിവാക്കിയതിനാൽ സംഘർഷങ്ങളൊന്നും തന്നെ എവിടെയുമുണ്ടായില്ല.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രചാരണം സമാപിക്കുന്ന സമയം കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുൻവശം നടത്തിയ പൊതുയോഗത്തിലായിരുന്നു. അതിന് മുമ്പ് കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന ദേവാലയങ്ങളിൽ പോയി ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുത്തു. കൊവ്വൽപ്പള്ളി, കുശാൽ നഗർ എന്നിവിടങ്ങളിലെ മരണ വീടുകൾ സന്ദർശിച്ച സ്ഥാനാർത്ഥി.മലപ്പച്ചേരി വൃദ്ധസദനം, കൊന്നക്കാട് അത്തിയടുക്കം കോളനി തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തി.

തൃക്കരിപ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.രാജഗോപാലൻ തുറന്ന വാഹനത്തിൽ ഇടച്ചാക്കൈ, പടന്ന, കാടങ്കോട്, മടക്കര, അച്ചാംതുരുത്തി, കോട്ടപ്പുറം, നീലേശ്വരം, കോൺവെന്റ് ജംഗ്ഷൻ, പള്ളിക്കര, മയിച്ച, ചെറുവത്തൂർ, കാലിക്കടവ്, നടക്കാവ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തൃക്കരിപ്പൂരിലാണ് പ്രചാരണം അവസാനിപ്പിച്ചത്. ഓട്ടോറിക്ഷകളും, കാറുകളും സ്ഥാനാർത്ഥിയെ അനുഗമിച്ചു.

കല്യാശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജിന്റെ പിലാത്തറയിലാണ് അവസാനിച്ചത്. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബ്രിജേഷ് കുമാറിന്റെയും എൻ .ഡി .എ സ്ഥാനാർഥി അരുൺ കൈതപ്രതത്തിന്റെയും വാഹന പ്രചാരണം പഴയങ്ങാടിയിലും സമാപിച്ചു.

പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.പ്രദീപ് കുമാർ രാവിലെ പയ്യന്നൂരിൽ നിന്ന് പാട്ടു വണ്ടിയും ബാന്റ് മേളത്തിന്റെ അകമ്പടിയോടുകൂടി തുറന്ന വാഹനത്തിലായിരുന്നു പ്രചരണം തുടങ്ങിയത്. വെള്ളൂർ, കരിവെള്ളൂർ, പുത്തൂർ, മാത്തിൽ, പെരിങ്ങോം, മാതമംഗലം, എരമം, മണിയറവഴി വൈകീട്ടോടെ വീണ്ടും പയ്യന്നൂരിലെത്തി രാമന്തളി എട്ടിക്കുളത്താണ് റോഡ് ഷോ സമാപിച്ചത്.

തൃക്കരിപ്പൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടിവി ഷിബിൻ രാവിലെ പേക്കടം ചേരിക്കൽ തറവാട്ട് കാരണവന്മാരിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ ത്തിയ സ്ഥാനാർഥി തൊട്ടി കോളനി മയിൽ വള്ളി കാവും തല കൊറക കോളനി എളേരിയിലെ ശുഭാനന്ദ ആശ്രമം മുടന്തൻ പാറ കോളനി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പിന്നീട് നീലേശ്വരത്തെ പ്രവർത്തകർക്കൊപ്പം ഓർച്ച പ്രദേശത്ത് ഗൃഹസമ്പർക്കം നടത്തി പ്രദേശത്തെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി പി വി സുരേഷ് റോഡ് ഷോയ്ക്ക് ശേഷമാണ് പ്രചാരണം അവസാനിപ്പിച്ചത്. .നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും റോഡ് ഷോയിൽ പങ്കെടുത്തു.തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി വോട്ടർമാരെ അഭിവാദ്യം ചെയ്തു.മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി എം ബൽരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മാന്തോപ്പ് മൈതാനിയിലും സമാപിച്ചു.

മഞ്ചേശ്വരത്തെ യു .ഡി .എഫ് സ്ഥാനാർത്ഥി എ. കെ. എം അഷ് റഫും എൽ. ഡി. എഫ് സ്ഥാനാർത്ഥി വി. വി രമേശനും റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന് സമാപനം കുറിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പ്രചാരണം നടത്തിയ ശേഷം കോന്നിയിലേക്ക്് പോയി.
കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. എ. നെല്ലിക്കുന്ന് തളങ്കരയിലും ചെർക്കളയിലും പ്രവർത്തകരോടൊപ്പം റോഡ് ഷോ നടത്തി. എൻ .ഡി. എ സ്ഥാനാർത്ഥി അഡ്വ. കെ ശ്രീകാന്ത് മംഗലാപുരം രൂപത ബിഷപ്പ് ഫാദർ പീറ്റർ പോൾ സൾഡാനയെ സന്ദർശിച്ചു. വൈകിട്ട്് ജെ.പി.നഗറിലെത്തി ശ്രീ ധൂമാവതി അമ്പലത്തിൽ എത്തി ഭഗവതിയെ വണങ്ങി അനുഗ്രഹം തേടി.
ഉദുമ മണ്ഡലം യു. ഡി .എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ രാവിലെ അമ്പലത്തറയിൽ നിന്നാണ് വോട്ട് അഭ്യർത്ഥന നടത്തിയത്. ബേഡഡുക്ക, കുറ്റിക്കോൽ, ദേലമ്പാടി, പുല്ലൂർ പെരിയ പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്ത അദ്ദേഹം ഈസ്റ്റർ ദിവസം ആയതിനാൽ ക്രിസ്ത്യൻ ദേവാലയങ്ങളും സന്ദർശിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു പാലക്കുന്നിൽ നിന്ന് ഉദുമയിലേക്ക് റോഡ് ഷോ നടത്തി.