മാഹി: മാഹി ഗവ: ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ പഞ്ചിംഗ് സംവിധാനമേർപ്പെടുത്തിയെങ്കിലും, ചില ഡോക്ടർമാർ പഞ്ച് ചെയ്യാൻ കൂട്ടാക്കുന്നില്ലെന്ന് പരാതി. കാലത്ത് 8 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് ഡ്യൂട്ടി സമയമെങ്കിലും, ഒരു വിഭാഗം ഡോക്ടർമാർ ഒൻപത് മണിയോടെ വരികയും, ഒ.പി. സമയം കഴിഞ്ഞയുടൻ പതിനൊന്ന് മണിയോടെ സ്ഥലം വിടുകയുമാണ് പതിവ്. ഇവരിൽ പലർക്കും പല സ്ഥലങ്ങളിൽ സ്വകാര്യ ക്ലിനിക്കുകളുണ്ട്. ഡ്യൂട്ടി സമയത്ത് ഇവർ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുകയാണ്.
ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ആശുപത്രി സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുകയുമായിരുന്നു. ജീവനക്കാർ ഇത് അനുസരിച്ചെങ്കിലും, ചില ഡോക്ടർമാർ ഇതിന് തയ്യാറാവാതിരിക്കുകയാണ്.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശം തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ, ചില ഡോക്ടർമാർ പെരുമാറുന്നത്, മറ്റ് ജീവനക്കാരിലും, പൊതുജനങ്ങളിലും കടുത്ത വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. കൊവിഡിനെത്തുടർന്ന് ഒരു വർഷക്കാലം ഇതര രോഗികൾക്ക് മുന്നിൽ വാതിൽഅടച്ചിട്ട ആശുപത്രി കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്. കൊവിഡിന് മുമ്പ് വരെ കാഷ്യാലിറ്റി ഡോക്ടർക്ക് പുറമെ വാർഡുകളിൽ അറ്റന്റ് ചെയ്യാൻ മറ്റൊരു ഡോക്ടർകൂടിയുണ്ടായിരുന്നു. എന്നാലിപ്പോൾ ഒരാൾ മാത്രമേയുള്ളൂ. ചില ഡോക്ടർമാരുടെ രോഗികളോടുള്ള മോശമായ പെരുമാറ്റവും ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്.