കാസർകോട് : ജനവിധിക്ക് മണിക്കൂറുകൾക്ക് മുമ്പ് പിന്തുണയഭ്യർത്ഥിച്ചും വോട്ട് കച്ചവടം ആരോപിച്ചും പ്രമുഖ നേതാക്കൾ തന്നെ രംഗത്തിറങ്ങിയത് മഞ്ചേശ്വരത്തെ ശക്തമായ ത്രികോണമത്സരത്തെ പോളിംഗിന് മുമ്പ് തന്നെ ശ്രദ്ധാകേന്ദ്രമാക്കി. സി.പി.എം വോട്ടർമാർ യു .ഡി .എഫിന് വോട്ടു ചെയ്യണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയും അതിനെ തള്ളി എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി രംഗത്തുവന്നതുമാണ് വോട്ടെടുപ്പ് ദിനത്തിന് തലേദിവസത്തെ പ്രധാന രാഷ്ട്രീയനീക്കം.
. ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി ബി.ജെ.പിയെ സഹായിക്കുന്നതിന് പകരം ഇടതുമുന്നണി, യു.ഡി.എഫിനെ സഹായിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ അഭ്യർത്ഥന. യു.ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയിലുള്ളതെന്ന് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ, തിരിച്ചടിച്ചതോടെ മറ്റ് നേതാക്കളും ഇടപെട്ടു. . നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയതെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം.
എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. താൻ പരിഹാസരൂപേണ പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് വിശദീകരിച്ച മുല്ലപ്പള്ളി സി.പി.എം യു.ഡി.എഫിനെ സഹായിക്കണമെന്ന് ആവർത്തിക്കുകയും ചെയ്തു.
എന്നാൽ മഞ്ചേശ്വരത്ത് വി .വി. രമേശൻ ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാർത്ഥി ആണെന്ന് വ്യക്തമാക്കി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ മുല്ലപള്ളിക്ക് മറുപടി നൽകി. മുഖ്യ ശത്രുവിനെ നേരിടാൻ ആരുടെ സഹായവും സ്വീകരിക്കാമെന്ന കെ സുധാകരന്റെ പ്രസ്താവനയും പിന്നാലെയെത്തി.
എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് കോൺഗ്രസ്
പ്രതികരണം മൃദുവാക്കി ലീഗ്
മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് കോൺഗ്രസ് പറയുമ്പോൾ . ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് ലീഗ് നേതാക്കൾ വ്യക്തമാക്കിയത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിലുള്ളത്. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. 2016 ലെ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.കേന്ദ്ര നേതൃത്വവും മഞ്ചേശ്വരത്ത് വിജയം ഉറപ്പിക്കുന്നുണ്ട്. ബി. ജെ .പി ജയിക്കുന്നത് തടയാൻ യു .ഡി .എഫിനെ സഹായിക്കുന്ന പതിവ് വേണ്ടെന്നാണ് സി .പി .എമ്മിന്റെയും തീരുമാനം. ആരുടെ സഹായമില്ലെങ്കിലും ജയിക്കാമെന്ന വിശ്വാസം യു.ഡി.എഫിനുമുണ്ട്.
ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി ബി.ജെ.പിയെ സഹായിക്കുന്നതിന് പകരം ഇടതുമുന്നണി, യു.ഡി.എഫിനെ സഹായിക്കണം-മുല്ലപ്പള്ളി രാമചന്ദ്രൻ
ഇടതുവോട്ട് തേടിയുള്ള മുല്ലപ്പള്ളിയുടെ അഭ്യർത്ഥന രാഷ്ട്രീയപാപ്പരത്തം. യു.ഡി.എഫ് -എൽ.ഡി.എഫ് ഒത്തുകളിയാണ് പ്രസ്താവനയിലൂടെ പുറത്തുവന്നത്-കെ.സുരേന്ദ്രൻ
മഞ്ചേശ്വരത്ത് യു.ഡി.എഫിന് ഒറ്റയ്ക്ക് ജയിക്കാനുള്ള സാഹചര്യമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്- ഉമ്മൻചാണ്ടി
മഞ്ചേശ്വരത്ത് വി .വി. രമേശൻ ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാർത്ഥിയാണ്. മുല്ലപ്പള്ളിയേക്കാൾ രാഷ്ട്രീയബോദ്ധ്യമുള്ളയാളാണ് അദ്ദേഹം-എ.വിജയരാഘവൻ